Saturday, May 9, 2009

ഒരു കടി അമ്മിണിയ്കു!

പേരിലെന്തിരിക്കുന്നു എന്നു പണ്ടാരാണ്ടു ചോദിച്ചിട്ടുണ്ടു? പ്രത്യേകിച്ചൊന്നുമില്ലെന്നു പാശ്ചാത്യരും വിശ്വസിച്ചു.അതുകൊണ്ടു തന്നെ സ്റ്റോൺ ,ബ്രിക്‌ വാട്ടർ, ട്രീ , ഹോം എന്നൊക്കെ കുട്ടികൾക്കു പേരിടാൻ അവിടുത്തെ അച്ഛ്ൻ അമ്മമാർകു ഒരു മടിയുമില്ലാ.

അച്ഛന്റെ പേരു ആർക്കറിയാ എന്നും മകന്റെ പേരു എനിക്കറിയാ എന്നും മിമിക്രിക്കാരു പറയുമ്പോലെ അച്ഛന്റെ പേരു റൂട്ട്‌ എന്നാണെങ്കിൽ മകന്റെയോ മകളുടെയോ പേരു ഫ്രൂട്ട്‌ ആകുന്നതിലും തെറ്റൊന്നുമില്ലെന്നു പാശ്ചാത്യർ വിശ്വസിക്കുന്നൂ.

നമ്മുടെ നാട്ടിൽ പേരുകൾക്കു പുറകിൽ വിശ്വാസങ്ങളുണ്ടു എന്നു വച്ചാൽ അന്ധ വിശ്വാസങ്ങളുമുണ്ടു. ഇവിടെ കുട്ടികൾകു കല്ല്‌ ഇഷ്ടിക,വെള്ളം എന്നിങ്ങനെ പേരുകൾ എല്ലുകളുടെ എണ്ണം നോർമലായ പാരന്റ്സ്‌ ഇടുമോ.ഏതായാലും എന്റെ അറിവിലില്ലാ.
ഹാ!പക്ഷെ ഉണ്ടു ഒരു അർഥവുമില്ലാത്ത പേരുകൾ; അതിൽ നമ്മൾ തന്നെ മിടുക്കർ. അച്ഛന്റെം അമ്മയുടെയും പേരുകളിലെ ആദ്യാക്ഷരം, കോമ്മണായ അക്ഷരം അങ്ങനെയൊക്കെ!
അച്ഛൻ സാംബശിവനും അമ്മ വിമലയുമെങ്കിൽ പേരു 'സാവി'...
അച്ഛൻ കൃഷ്ണനും അമ്മ മിനിയുമാകുമ്പോൾ പ്രത്യേകിച്ചു ലിംഗഭേദം ഒന്നുമില്ലാതെ ഇത്തരത്തിൽ പേരിടാം.
വെറൊരു പ്രവണതയുണ്ടു.പശുക്കൾകും മറ്റു വളർത്തു മൃഗങ്ങൾകുമൊക്കെ നമ്മൾ തിരഞ്ഞെടുക്കുന്ന പേരുകൾ' ആളാണൊ ആടാണൊ' എന്നു സംശയം ബാക്കി വച്ചു തന്നെ.
വീട്ടിൽ പപ്പ മമ്മി ചേട്ടൻ പിന്നെ മഞ്ചുവും മാധവിയും എന്നു പറയുമ്പോൾ സ്വാഭാവികമായും തോന്നിയേക്കാം കസിൻസ്‌ അല്ലെങ്കിൽ സിസ്റ്റർസ്‌ ഇനി അതുമല്ലെങ്കിൽ 'മെയിഡ്സ്‌'..! എങ്കിൽ തെറ്റി!!!

അതു രണ്ടും ഏതോ "നായീന്റെ മക്കൾ ആണു" വീട്ടിലെ പെറ്റ്സ്‌ ,യു നോ !

മകന്റെ പേരു ജിഗു എന്നായിരിക്കാം എന്നിരുന്നാലും പൂച്ചയുടെയോ പട്ടിയുടെയോ പേരു "കാർത്തിക, മണി, അനാർകലി എന്നൊക്കെയും!

പേരിൽ തെറ്റിധാരണ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളും ഉണ്ട്‌. പ്രത്യേകിച്ചു മലയാളികൾക്ക്‌. പേരിന്റെ കൂടെ വീട്ടുപേരോ അച്ഛന്റെ പേരോ കുലത്തിന്റെ പേരോ അല്ലാതെ, നാട്ടുപേരു,ജില്ലാ പേരു ബിരുദ പേരു ഇതും സാധാരണയായി കണ്ടു വരാറുണ്ടു.
ചന്ദ്രൻ തറയില്‍ , മണിയൻ കുഴിയില്‍ എന്നൊക്കെ.

പണ്ടൊക്കെ സ്ത്രീകളും വച്ചിരുന്നു ഇങ്ങനെ വാലും തലയുമായി സ്ഥലപേരുകൾ. പ്രത്യേകിച്ചും സിനിമാ രംഗത്തുള്ളവർ. ആ പേരു എടുത്തു പറയേണ്ടല്ലോ!

എന്നാലിന്നു ട്രെൻഡ്‌ മാറി .എന്തിനും ഏതിനും അശ്ലീല ചുവ കാണാനാണു ആളുകൾക്കു താൽപര്യം.എന്തുപറഞ്ഞാലും ഡബിൾ മീനിങ്ങും ചിരി വിഴുങ്ങലും. ആലപ്പുഴ വസന്ത എന്നോ ജാനകി പൂന്തുറ എന്നോ ഇട്ടാൽ "അതേതാടാ സംഭവം, മറ്റേതാണൊ..പേരുകേട്ടിട്ട്‌.." എന്നാവാം റെസ്പോൺസ്‌.

അങ്ങനെ ഒരനുഭവം എനിക്കുണ്ടായി. ഒരിക്കൽ ഷൂട്ടിങ്ങിനിടയിൽ
"അവൾ കൊള്ളാം,നല്ല അനുസരണയും എടുപ്പും കുസൃതിയും,അവൾ ആളുകളെ നന്നായി രസിപ്പിക്കും എന്നൊക്കെ എന്റെ സുഹൃത്തു പറഞ്ഞുകൊണ്ടിരിക്കെ ഒരുത്തൻ ഇടയ്കു കയറി ചോദിച്ചു.

'ഏതാടാ ആ ചരക്കു?'

അന്തം വിട്ട ഞങ്ങൾ പരസ്പരം നോക്കി നിൽകെ അയാൾ ചോദിച്ചു
" എന്താണവളുടെ പേരു?"
ഞാൻ പറഞ്ഞു ,"കോടനാട്‌ സുനിത".

അടുത്ത ചോദ്യം വന്നു " ഹൊ പേരുകേട്ടിട്ടു ചെറുപ്പക്കാരിയാണെന്നു തോന്നുന്നു.. നംബരുണ്ടൊ?"
അപ്പൊഴാണെനിക്കു കാര്യം പിടികിട്ടിയത്‌. പിന്നെ മടിച്ചില്ല ഞാൻ കൊടുത്തു പാപ്പാന്റെ നംബർ (വിളിച്ചു കാണുമായിരിക്കും!!).

അതെ,പൊതുവെ ആനകൾക്കു മനുഷ്യന്റെ പേരും സ്ഥലപേരും ഇടുക പതിവാണല്ലോ!

വീ ഹെൽപ്‌ ഏജൻസി നടത്തിയ ജഗതിയുടെ കഥാപാത്രത്തെ ഓർക്കാതെ വയ്യ!

കത്രീനയും, ഫ്രീഡയും ,റീത്തയും അമേരിക്കയിൽ കൊടുങ്കാറ്റായി എത്തിയപ്പോൾ മല്ലികയും അമ്മിണിയും ഇത്തവണത്തെ സീസണിൽ കേരളത്തിൽ എത്തിയതു മൽഗോവയെയും അൽഫോൻസയെയും തോൽപിച്ച മധുര മാമ്പഴ സുന്ദരികൾ ആയാണു.

അങ്ങനെ ഇത്രയും നാൾ ദൂരത്തു നിന്നു കണ്ടും കൊതിച്ചും കല്ലെറിഞ്ഞവർക്കും അമ്മിണിയെ കയ്യിലെടുത്തു കൊതിയോടെ കടിക്കാനുമായി!!!