Sunday, April 26, 2009

മുങ്ങാനായി നീന്തിയപ്പോള്‍

എന്നെ പരിചയപെടുത്താം, ഞാൻ ഒരു മുങ്ങൽ വിദഗ്ധയാണു.വെള്ളത്തിൽ ഇറങ്ങി നീന്തിയപ്പോഴൊക്കെ മുങ്ങിയിട്ടുണ്ട്‌...ധാരാളം വെള്ളം ആ വഴിക്കു കുടിച്ചിട്ടുണ്ട്‌.അതുകൊണ്ടു തന്നെ വിമാനം കടലിന്റെ മീതെ പറന്നാലും, ട്രെയ്ൻ പാലത്തിന്റെ മുകളിൽ എത്തുമ്പോഴും, എന്തിനു നന്നായി ഒന്നു മഴ പെയ്താൽപോലും ഞാൻ എന്റെ വൈദഗ്ധ്യത്തെകുറിച്ചു ഓർകും...അക്കാര്യത്തിൽ അപാര കോൺഫിടെൻസും ആണുട്ടൊ!

നീന്തലുമായി വെള്ളം കുടിച്ച കഥകൾ ഉണ്ടെങ്കിലും നീന്തൽ പഠിത്തം നിർത്തിയതിന്റെ പേരിൽ ഒരു സംഭവമുണ്ടു!
എന്റെ അമ്മ നാട്ടിൽ ആ ഏരിയയിലെ മികച്ച നീന്തൽ പരിശീലക ആണു..മുട്ടയിൽ നിന്നു പൊട്ടിവരാത്ത പൈതങ്ങൾ തുടങ്ങി 25 വസ്സുള്ള പെൺകുട്ടികളെ വരെ തറവാട്ടു കുളത്തിൽ നീന്തൽ പഠിപ്പിച്ച പാരമ്പര്യവുമുണ്ട്‌.ആ ധൈര്യത്തിൽ ആണു ഒരു അവധിക്കാലത്തു നീന്തൽ മോഹവുമായി ഞാൻ കുളത്തിൽ ഇറങ്ങുന്നത്‌.
വാഴത്തടി ചരടിട്ടു കെട്ടി പൂട്ടി നീറ്റിലിറക്കൽ,പൊള്ളത്തേങ്ങ കഴുത്തിൽ കെട്ടിത്തൂക്കിയും,ചെറിയകുട്ടികളെ കയ്യിൽ താങ്ങിയും അമ്മയും ശിഷ്യരും വെള്ളത്തിൽ ആർത്തുള്ളസിച്ചിരിക്കുന്നതു കണ്ടു സഹിച്ചില്ല..പോരാഞ്ഞു തറവാട്ടിൽ ഒരു കിടിലൻ കുളമുണ്ടായിട്ടു നീന്താൻ പഠിച്ചില്ലെങ്കിൽ അതിന്റെ നാണക്കേട്‌ എനിയ്ക്കല്ലേ.അങ്ങനെ എന്റെ പത്താമത്തെ വയ്സ്സിൽ ഞാൻ നീന്താൻ ഒരുമ്പിട്ടിറങ്ങി!

വെള്ളത്തിൽ ഇറങ്ങും വരെ ഇതെത്ര 'സിമ്പിൾ'!
ഇറങ്ങിയപ്പോൾ മനസ്സിലായി എന്നെ താങ്ങാനുള്ള കെൽപ്‌ വെള്ളത്തിനില്ല എന്ന്‌! എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ടു കയറാം എന്നും പറഞ്ഞു അമ്മയ്‌കു രണ്ടു ഡയലോഗ്‌ ദക്ഷിണ വച്ചു പഠിച്ചുതുടങ്ങി. മൂന്നു ദിവസങ്ങൾ ഗംഭീര പ്രകടനങ്ങൾ വെള്ളത്തിൽ കാഴ്ച്ച വച്ചു അമ്മയെ പ്രീതിപെടുത്തി.അമ്മയുടെ സെർറ്റിഫികെറ്റും കിട്ടി;

'നീ എന്റെ മകൾ തന്നെ പെട്ടെന്നു പഠിച്ചു'

അമ്മ ആദ്യമായി നീന്തിയ കഥ നാട്ടിൽ ഫ്ലാഷ്‌ ആണു.
പണ്ട്‌ പണ്ട്‌ അഞ്ചാം വയസ്സിൽ കുരുത്തം കെട്ട ഒരുകൂട്ടുകാരൻ വെള്ളത്തിൽ അമ്മയെ തള്ളിയിട്ടു, അമ്മ നീന്തി കരയ്‌കു കയറി അവന്റെ കരണത്തടിച്ചു.
ആ അമ്മയുടെ സേർറ്റിഫികെറ്റിന്റെ വാല്യു പറയേണ്ടല്ലോ സന്തോഷം പറഞ്ഞറിയിക്കണോ! അൽപം കോൺഫിടെൻസും ഓവർ ആയീന്നു കൂട്ടിക്കോ!

പിറ്റേന്നു നട്ടുച്ചയ്‌കു വീണ്ടും നീന്താൻ ഇറങ്ങി.അന്നു ഒരു ഞായറാഴ്ചയായിരുന്നു.കസിൻസൊക്കെ വെള്ളത്തിൽ ഇറങ്ങി എന്റെ നീന്തൽ പ്രകടനങ്ങൾകു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടിരുന്നു...ഒരു കോട്ടൺ സാരീയെടുത്തു അമ്മ എന്റെ അരയ്‌കു ചുറ്റി എന്നിട്ടു പറഞ്ഞു 'നീ ഒറ്റയ്‌കു നീന്തി നോക്കു ഞാനീ സാരീടെ ഇങ്ങേ തുമ്പിൽ പിടിച്ചിട്ടുണ്ടു എങ്ങാനും മുങ്ങിയാൽ വലിച്ചു സഹായിക്കും'...

ധൈര്യം ഇല്ലയിരുന്നെങ്കിലും മലർന്നും കമിഴ്‌ന്നും നീന്തുന്ന കസിൻസിന്റെ മുന്നിൽ ചമ്മരുതല്ലോ !ഒ.കെ. പറഞ്ഞു ഞാൻ നീന്താൻ തുടങ്ങി...അസ്സലായി നീന്തിയെന്നെ!..ആറുമുഴം സാരീയിൽ എന്നെ അമ്മ താങ്ങുന്നുണ്ടല്ലോ..ഞാൻ നീന്തുന്നതിനനുസരിച്ചു അമ്മ സാരീയുടെ പിടി വിടും അങ്ങനെ ഞാൻ മറുകര കണ്ടു കൈയ്യടി നേടി..മൈകെൽ ഫെൽപ്സ്‌ തോറ്റുപോകും..അത്ര ഗംഭീരം.
അമ്മ വിളിച്ചു പറഞ്ഞു

'തിരിച്ചിങ്ങോട്ടും വാ'

ഞാൻ ആ കര വിട്ടു നീന്തി അമ്മയെ നോക്കി വിജയീ ഭാവത്തിൽ ഒന്നു ചിരിച്ചു കൊണ്ടു തലയുയർത്തി നോക്കിയപ്പോൾ!!!!!
ഞെട്ടിപ്പോയീ;

അമ്മയുടെ കയ്യിൽ സാരീ ഇല്ലാ!

പത്തുകിലോ ഭാരമുള്ള കല്ലു എന്റെ ദേഹത്തു പിടിപ്പിച്ചതുപോലെ തോന്നി!!
ഞാൻ നീന്തിക്കൊണ്ടേയിരുന്നു പക്ഷെ അതു ജലോപരിതലത്തിൽ നിന്നു രണ്ടു രണ്ടര മീറ്റർ താഴ്ചയിലാണെന്നു മാത്രം! രണ്ട്‌ ലിറ്റർ വെള്ളം അന്നാദ്യമായി ഒറ്റയടിക്കു കുടിച്ചു. വെള്ളത്തിനടിയിൽ കണ്ണു തുറന്നു നോക്കീട്ടുണ്ടൊ..ഒന്നും കാണില്ലാന്നു അന്നു മനസ്സിലായി.ചെവിയും കേൾക്കില്ല...ആക്ചുലി 'ശ്വസിക്കാനും' പറ്റില്ലാ കേട്ടൊ.

കണ്ടുകൊണ്ടിരുന്ന കസിൻ ഒരു സബ്മറൈൻ പോലെ വന്നു എന്നെ തൂക്കിയെടുത്തു മേലേക്കു വന്നു..എന്റെ മേലേ ഒരു റീത്തു വന്നു വീണു..അല്ല ഒരു ടയർ ട്യൂബ്‌ വന്നു വീണു.അതിൽ കെട്ടിപിടിച്ചു കരയിലെത്തി.. ഈ കരയിലെത്തി എന്നൊക്കെ കേൾക്കുമ്പോൾ ഒരു പത്തമ്പതു മീറ്റർ ചുറ്റളവൊന്നും കുളത്തിനു പ്രതീക്ഷിക്കണ്ടാട്ടോ..
ആകെ 2 സെന്റ്‌ സ്ഥലത്താ കുളം.

കുടിച്ച വെള്ളം കുടവയർ കമിഴ്ത്തി ശ്വാസം നേരെ വീണപ്പോൾ ആകെ നനഞ്ഞു ചളിപുരണ്ടു അമ്മ നിൽകുന്നു.
ഞാൻ അമ്മയോടു ചീറ്റീ... 'എന്നെ കൊല്ലാനായിരുന്നല്ലേ പ്ലാൻ? '

അമ്മ പറഞ്ഞു. "പിന്നെ.. കൊല്ലാനായിരുന്നെങ്കിൽ ഇത്രേം വളർത്തേണ്ടിയിരുന്നോ കഴിഞ്ഞ പത്തിരുപതു വർഷത്തിൽ ഇതാദ്യായിട്ടാ ഇങ്ങനൊരു മന്ദബുദ്ധിയെ പഠിപ്പിക്കേണ്ടി വന്നതു,ചക്ക വെട്ടിയിട്ട കണക്കു നിന്നാൽ മുങ്ങില്ലേ "

അതോടെ നീന്തൽ പഠനം മുടങ്ങി.

എന്റെ മുങ്ങൽ സംഭവങ്ങൾ മിമിക്രിയിലൂടെയും മോണോ ആക്റ്റിലൂടെയും നാട്ടിലാകമാനം പ്രചരിച്ചു? ഒന്നു സമാധാനിപ്പിക്കേണ്ടിടത്തു അമ്മ ചൂടായതെന്തിനാവാം എന്നതിനു ഒരാഴ്ച കഴിഞ്ഞാണു ഉത്തരം കിട്ടിയതു.

ഞാൻ മുങ്ങിയതു കണ്ടപ്പോൾ കുളത്തിലേക്കു എടുത്തു ചാടാൻ നിന്ന അമ്മയുടെ കാലു പായലിൽ കുരുങ്ങി അമ്മയും മുങ്ങിയത്രേ..അതേ കുളത്തിൽ!!!

Saturday, April 4, 2009

ഈ പ്രധാനമന്ത്രി കേരളത്തിലെയാ!

എന്റെ കൊച്ചു ബ്ലോഗിനു ഒരു പ്രോമോഷൻ ആയിക്കോട്ടെ എന്നു കരുതി ഒരു കുരുത്തം കെട്ട വിത്തിനു ഒരു സന്ദേശം കൊടുത്തുപോയതാ ഇപ്പൊ എന്നെ കൊണ്ടു ഇതു ചെയ്യിക്കുന്നേ! ബ്ലോഗ്‌ വായിക്കണേ എന്നു പറഞ്ഞ (ദേഷ്യത്തിനു)തിനു അടുത്ത വിഷയം 'അംഗമാലീലെ പ്രധാനമന്ത്രി ആയിക്കൊട്ടെ എന്നു ആ വിരുതൻ!

ഒരു സിനിമയിൽ കലാഭവൻ മണി, "കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പൊഴാ ചാണകം വാരീല്ലല്ലോ എന്നോർത്തത്‌' എന്നു പറഞ്ഞപോലെ, പ്രധാനമന്ത്രിയുടെ കാര്യം പറഞ്ഞപ്പോഴാ വല്ല്യമ്മച്ചീടെ കാര്യം എനിക്ക് ഓർമ വന്നത്‌.

ഇതൊരു 'കുട്ടിങ്ങും ഷേവിങ്ങും' ജോക്സ്‌ കറ്റോഗോരിയിൽ പെടുത്താവുന്ന സംഭവമാണു കേട്ടോ!

ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ തലേന്നു രാത്രി നോക്കി വച്ച ഫോട്ടൊ ആൽബം എടുത്തു വച്ചു കാര്യമായി പരിശോധിക്കുകയാണ് വല്യമ്മച്ചി. . ത്രീ ഡി കണ്ണടയും വച്ചു പുരികവും ചുളിച്ച്‌ ആൽബം മൂക്കിനു താഴെ പിടിച്ച്‌ സസൂക്ഷ്മം നോക്കുന്നതു കൗതുകം ഉണർത്തി! കാര്യം എന്താണെന്നു അന്വേഷിച്ചപ്പോൾ വളരെ ഗൗരവത്തിൽ ചോദിച്ചു .

'മൊളേ ,അല്ല ഇതു അച്ചു മേനോൻ അല്ലേ? മോളുടെ ആൽബത്തിൽ.'

ഞാൻ ഒരു നിമിഷം കുടുംബത്തിലെ ഒരോരുത്തരുടെയും പേരുകൾ ട്രേസ്‌ ചെയ്തോരുത്തരം കണ്ടെത്താന്‍ ശ്രമിച്ചു!
ഏതു അച്ചു മേനോൻ?

അങ്ങനോരാൾ ഞാനറിയാതെ!അതും ഞാൻ ക്ലിക്‌ ചെയ്ത ഫോട്ടൊയിൽ എങ്ങനെ കയറിക്കൂടീ എന്നായി ആലോചന.

ഞാൻ ആൽബത്തിലേക്കു എത്തി വലിഞ്ഞു നോക്കുന്നതിനിടയിൽ ആൽബം കൊട്ടിയടച്ചു അടുക്കളയിലേക്കു പോയിക്കൊണ്ടു വല്യമ്മച്ചി പറഞ്ഞു 'നമ്മുടെ അച്ചുത മേനോൻ,കേരളത്തിലെ ഏറ്റവും വല്ല്യ ആൾ..നമ്മുടെ പ്രധാനമന്ത്രി !!

ശവം! ജീവിച്ചിരിപ്പുണ്ട് !

ജേഡ്‌ ഗുഡിയ്ക്ക്‌ അങ്ങനെ ഒരാഗ്രഹം തോന്നിയതിൽ വലിയ അതിശയം തോന്നിയില്ല!

ക്യാമറയ്ക്ക്‌ മുന്നിൽ മരിക്കണമെന്നു ആഗ്രഹിച്ചത്‌ ഒരുപക്ഷെ ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നു അവർക്കു തോന്നിയിട്ടാകണം!

പാവം ജേഡിന്റെ ആഗ്രഹത്തിൽ തെറ്റു തോന്നാത്തത്‌ ചിലപ്പോൾ എന്റെ ആഗ്രഹം ' അതിക്രമം" ആയതുകൊണ്ടാവാം!!!

മരിച്ചതിനു ശേഷം എന്നെ 'അങ്ങോട്ടു' കെട്ടിയെടുക്കും മുൻപു എന്റെ ശവത്തെ ഒന്നു കാണുക,റീത്തുകൾ എണ്ണുക.വാർത്തകളിൽ കേൾക്കുമ്പോലെ 'സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള നിരവധി പേർ' പങ്കെടുക്കുന്നത്‌ മാറി നിന്നു വീക്ഷിക്കുക!
ഹോ ! എന്ത്‌ രസമായിരിക്കും!

ഒരിക്കൽ കുട്ടിക്കാലത്ത്‌ ഈ ആഗ്രഹം അമ്മയോട്‌ പറഞ്ഞതായി ഓർക്കുന്നു.കിടക്കാൻ നേരത്തായതുകൊണ്ടു അമ്മ പറഞ്ഞു. "അതുമിതും ചിന്തിക്കാതെ നമ:ശിവായ ചൊല്ലി കിടക്കാൻ "

എന്നുവച്ചു ഈ അഗ്രഹംവേണ്ടാന്നു വയ്ക്കാൻ പറ്റുമോ?

ഒരിക്കൽ അത്‌ സ്ംഭവിച്ചു!
ഞാൻ അവസാന ശ്വാസത്തിനായി ആഞ്ഞു വലിക്കുന്നു...ചുറ്റിലുമുള്ളവർ നിശ്ശ്ബ്ദമായി 'ഇപ്പൊ തട്ടിപ്പോകും' എന്നു പ്രതീക്ഷിച്ചു നിൽക്കുന്നു. സിനിമയിൽ കാണുമ്പോലെ തല ചരിച്ചിട്ടു ഞാൻ മരിക്കുന്നു.
കുട്ടിക്കാലത്ത്‌ ഒരു ശവം പോലും കണ്ടിട്ടില്ലാതിരുന്ന സമയത്ത്‌ കൃഷ്ണമണി ഉയർത്തി നാക്കു നീട്ടിയാൽ ശവമായീന്നാ വിചാരിച്ചിരുന്നത്‌.പിന്നീട്‌ അതോർത്തു കഷ്ടം തോന്നി!

'പോയല്ലോ ' എന്ന് തൊണ്ട പൊട്ടി ആരൊക്കെയോ കരയുന്നുണ്ട്‌..അതിൽ അമ്മയെ കണ്ടപ്പോൾ എനിക്കു ശ്വാസം മുട്ടി.കേട്ടോ!

'പോയല്ലോ! ആശ്വാസമായി' എന്നു സമാധാനിച്ചു നിൽക്കുന്നവരെയും കണ്ടു! കൊച്ചു കള്ളന്മാർ!
റീത്തു വച്ചവരുടെ മുഖത്തു ഒരു സങ്കടവുമില്ലേ!!!

മൂക്കിൽ പഞ്ഞി വച്ചതുകൊണ്ടു മര്യാദയ്കു ശ്വസിക്കാനും മേല ശവത്തിനു!

ഒരു ടെന്റ്‌ കെട്ടിയിട്ടിട്ടുണ്ടു പൊതു ദർശനത്തിനു വച്ചപ്പോൾ. ശവം വെയിലടിച്ചു കറുത്താലോ...മഴയത്തു നനഞ്ഞാലോ എന്നു കരുതിയിട്ടാവണം പേരിനു ഒരു മറ!

എന്റെ ശവത്തിനു ഒരു കാര്യം തീരെ പിടിച്ചില്ല..ചില ആളുകൾ 'പൊത്തോന്നും'പറഞ്ഞ്‌ ഒരു വീഴ്ച്ചയാണു ശവത്തിനുമേൽ. ഹൊ ശവമാണെന്ന കൺസിടറേഷൻ പോലും ഇല്ലതെ!ഭാരം സഹിക്കാൻ പറ്റണ്ടേ!

മൂടിപ്പൊതിഞ്ഞു വച്ചിട്ടു ചൂടും അലർജിയും.

ഇതൊന്നും ജീവിച്ചിരിക്കുന്നോർക്ക്‌ പറഞ്ഞാൽ മനസ്സിലാവുമോ? അതുമില്ല!

ഏറ്റവും വല്യ രസം മറ്റൊന്നായിരുന്നു. പുഷ്പക വിമാനം സിനിമയിൽ ശവദർശനത്തിനു ഓരോരുത്തന്റെ ടേൺ വരുമ്പോൾ കാണിക്കുന്ന 'വിലാപകൗതുകങ്ങൾ'പോലെ ചില നേരമ്പോക്കികൾ ശവത്തിന്റെ അടുത്തെത്താറാകുമ്പോൾ മാത്രം നിലവിളിച്ചു!

അങ്ങനെ ഒരുത്തൻ വാവിട്ടു കരഞ്ഞ്‌ ടെന്റിനു കുഴിച്ചു നാട്ടിയിരുന്ന മുളയിൽ തലയിടിച്ചു വിഷമിക്കാൻ തുടങ്ങി.അപ്പൊ ദാ അവിടുന്നും ഇവിടുന്നും ഓരോ കമന്റ്‌ 'ലവൻ ലവളുടെ ലവറാ?'

അയാളുടെ കയ്യീന്നു ഒരു ലക്ഷത്തി ചില്വാനം കടം വാങ്ങീട്ടുണ്ടെന്നു ശവത്തിനല്ലേ അറിയൂ. അയാളുടെ വിഷമത്തിന്റെ ശക്തി ഇത്രയും ആരും പ്രതീക്ഷിച്ചില്ല, ശവമടക്കം ആരും!തലയിട്ടിടിച്ചു മുള കുലുങ്ങി പിന്നെ ഒടിഞ്ഞു!

ശവത്തിന്റെ ഒരു മീറ്റർ അകലെ വരെ നിന്ന ആളുകൾ ശവമാകാതിരിക്കാൻ പുറത്തേക്ക്‌ ഓടി രക്ഷപ്പെട്ടു. എന്റെ ശവമൊഴിച്ചു എല്ലാരും എസ്കേപ്ഡ്‌!!!

ചത്താലും ഗതിപിടിക്കില്ലെന്നു വച്ചാൽ!!!

ആ ടെന്റൊടിഞ്ഞു എന്റെ ശവത്തിന്റെ മേലേക്കു വീണു.

അയ്യോ!എന്താ ഭാരം!രക്ഷപെടാനായി ശവം ആവതു ശ്രമിച്ചു;കാലിട്ടിടിച്ചു ,കൈകളുയർത്തി, അടുത്തുള്ളതെല്ലാം തട്ടിമാറ്റി.മൂക്കിൽ വച്ച പഞ്ഞി ദൂരെ എറിഞ്ഞു.രക്ഷിക്കണേന്നു അലറി!

രണ്ടു സെകൻഡ്‌ കഴിഞ്ഞുകാണും ശവത്തിന്റെ...അല്ല എന്റെ മുഖത്തു ഏതാണ്ടു ചെവിക്കുറ്റിയ്കു സമീപത്തായി ഒരടി വീണു. ഞാൻ കണ്ണു തുറന്നു നോക്കി. എന്റെ അടുത്തു കിടന്നുറങ്ങി എന്ന ഒറ്റ തെറ്റു കാരണം കട്ടിലിൽ നിന്നു താഴെ വീണ എന്റെ അരുമ സഹോദരൻ മുഖത്തു നോക്കി വിളിച്ചു!

ശവം!!! ഒറങ്ങാനും സമ്മതിക്കൂലേ!!!

Thursday, April 2, 2009

മൊത്തത്തില്‍ സംശയം!

അതെയ്‌ ഞാൻ പോവുന്നു!

എങ്ങോട്ട്‌?

സിനിമയ്കു!

ആരൊപ്പം?

ഒറ്റയ്ക്‌!

എന്തിനു?വായനോക്കികൾകു കണ്ടു രസിക്കാണോ?

ഹൊ! അതൊക്കെ പതിവല്ലേ!

ഓഹോ!അപ്പൊ നീ ഇതിനു മുൻപും ഒറ്റയ്കു പോയിട്ടുണ്ടു?

അല്ലാ, ഞാനൊരു ട്രെൻഡ്‌ പറഞ്ഞെന്നേ ഉള്ളൂ!

അല്ല, നീ പോയിട്ടുണ്ടു!

ഇല്ല, നിന്നാണെ സത്യം ഞാൻ പോയിട്ടില്ലാ!

എങ്കിൽ ഇപ്പൊ ഒറ്റയ്കു പോവനമെന്നു തോന്നാൻ എവിടുന്നു കിട്ടി ഈ ധൈര്യം?

അതുപിന്നെ ഞാൻ പെട്ടെന്നങ്ങു തീരുമാനിച്ചു!

പെട്ടന്നങ്ങു തീരുമാനിക്കാൻ മാത്രം നീ വളർന്നോ?

എന്താ വളർന്നെന്നു കണ്ടിട്ടു തോന്നുന്നില്ലേ?

ഹും വളർന്നു വളർന്നു!പോത്തുപോലെ!

പിന്നെന്താ?

അതാണു പ്രശ്നം!

എന്ത്‌?

നീ വളർന്നത്‌!

അതിനെന്തു പ്രശ്നം?

ഒറ്റയ്കു പോയിട്ടു വല്ലോനും ശല്യപെടുത്തീന്നും പറഞ്ഞിങ്ങോട്ടു വാ!

അയ്യോ! ഒറ്റയ്കു പോയാൽ അങ്ങനെയൊക്കെ ഉണ്ടാവു‍ാ?

പിന്നെ ഇല്ലാതെ!

അപ്പൊ..ഒറ്റയ്കു പോയിട്ടുണ്ടല്ലേ?

ഇല്ലാ...അല്ലാ...അതു പറഞ്ഞു കേട്ടിടുണ്ട്‌!

ആരു പറഞ്ഞ്‌?

എന്റെ കൂട്ടുകാരികൾ1!

ഓഹോ!അപ്പൊ നിനക്കു ഞാനരിയാത്ത കൂട്ടുകാരികൾ ഉണ്ടല്ലേ?

ഏയ്‌, അങ്ങനൊന്നുമില്ലാ..ഞാൻ പറഞ്ഞിട്ടില്ലേ അവരെയൊക്കെ പറ്റി?

എപ്പൊ പറഞ്ഞു?

ഹ!അതു നീ ഓർകാത്തതുകൊണ്ടാ!

കുന്തം!

അയ്യോ പിണങ്ങല്ലേ,നീ പോയ്കോ!

എങ്ങോട്ട്‌?

സിനിമയ്കു പോവണ്ടേ?

ഒറ്റയ്കോ?

ങെഹ്‌?!! അതെ!

എന്നിട്ട്‌ വേണം വായനോക്കികൾക്‌ കണ്ട്‌ രസിക്കൻ!

അതല്ലേ ഞാൻ ആദ്യം പറഞ്ഞതു?

ഒ‍ാഹ്‌!എന്നെ ഇപ്പം ആരെങ്കിലും ടീസെ ചെയ്താൽ തന്നെ നിനക്കൊന്നും ഇല്ലാലോ?

ആഹ്‌!എനിക്കൊന്നൂല്യാ!

അപ്പൊ നിനക്കു ഞാൻ വിഷമിക്കുന്നതു കാണാനാണല്ലേ ഇഷ്ടം?

ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലാ!

പിന്നെന്താ ഉദ്ദേശിച്ചതു?

നീ ഒറ്റയ്ക്‌ പോവണ്ടാ അതാ നല്ലത്‌!

എന്നാൽ നീയും വാ!

എന്നിട്ടു വേണം?

എന്തോന്ന്?

എന്നെ ശല്യപ്പെടുത്തുന്നതു കണ്ടോണ്ടിരിക്കാൻ!

അയ്യേ ഞാനാ ടൈപ്‌ അല്ലാ!

ഏതു ടൈപ്‌?

നീ ഉദ്ദേശിച്ച ടൈപ്‌!

ഓഹ്‌! ഞാനൊന്നും ഉദ്ദേശിച്ചില്ലേയ്‌!

എന്നാൽ വേഗം റെഡി ആവ്‌!

ഏതാ സിനിമാ?

ലവ്‌ ഇൻ സിങ്ങപോർ!

എന്ത്‌? ഞാൻ നിന്നോട്‌ എന്തു തെറ്റാ ചെയ്തതു? അല്ലെങ്കിലും നിനക്കെൻണ്ട്‌ എന്തോ ഒരു
വൈരാഗ്യം ഉണ്ടെന്നു തോന്നിയിരുന്നു!എന്തായാലും ഇതു കൂടിപോയി!

സോറി...നമുക്കു വേരെ ഏതെങ്കിലും സിനിമയ്കു പോവാം!നീ അടങ്ങ്‌!

ശരി! എത്ര മണിക്കാ?

3 മണിക്ക്‌!

ഇപ്പൊ എത്രയായി സമയം?

അയ്യോ!!ഓള്രെഡി മൂന്നരയായി!