Tuesday, March 31, 2009

ബാ..ബാ.. ഒബാമാ!!

ബാ ബാ ബാക്സി
ഹാബു അനി ബൂ
യെഷാ യെഷാ
തീ ബാ ഭൂ


മായയല്ല മന്ത്രമല്ല മാജിക്കല്ല !!
എന്റെ കുഞ്ഞിനെ നോക്കുന്ന സ്നേഹ സംബന്നയായ വല്യമ്മച്ചി രചിച്ചു ഈണം കൊടുത്ത നഴ്സറി റൈം ആണു.

ഫ്രിഡ്ജിനു ബ്രിഡ്ജും ഫാനിനു ഭാനുവും ആകുമ്പോൾ ബാ ബാ ബ്ലാക്‌ ഷീപ്‌ എന്ന ഇംഗ്ലീഷ്‌ നഴ്സറി റൈം ഏതാണ്ടു അറബിപ്പാട്ടു പോലെ ആകുന്നതിൽ എന്തിനു അതിശയിക്കണം!!
ഒരിക്കൽ ഞാൻ ഞെട്ടിയതാണു!

ഓഫീസിൽ പോവേണ്ട ഒരുമ്പാടിൽ ഫ്രിഡ്ജു തുറന്നു തണുത്ത പാൽ കുടിക്കുന്നതിനിടയിൽ, തൊട്ടുപുറകിൽ ഒരു അശരീരി പോലെ മുഴങ്ങി വല്യമ്മചിയുടെ ചോദ്യം. "ഇന്നു മോൾകു കോമ്പ്ലെക്സ്‌ ഇല്ലേ?"

വായിലൊഴിച്ച പാൽ ഇറക്കാനും തുപ്പാനും ആവാതെ വല്യമ്മച്ചിയുടെ നേരെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്‌ കോൺ ഫ്ലേക്സിന്റെ പായ്കറ്റുമായി നിൽക്കുന്ന ആ പാവത്തിനെയാണു.വായിൽ നിറച്ചുപിടിച്ചിരുന്ന പാൽ ചീറ്റിത്തെറിച്ചു; ഇതു ചോദിച്ചതിന്റെ പേരിൽ വല്യമ്മച്ചിക്കു ഒന്നുകൂടി കുളിക്കേണ്ടിയും വന്നു.

നമ്മുടെ ഈ അറബി റൈം കേട്ടിട്ടാവണം എന്റെ കിടാവു ഉറക്കെ കൂവിയും ചിരിച്ചും ചൂളമിട്ടും പ്രതികരിച്ചു തുടങ്ങി. ബാ...ബാ.. എന്നു കേട്ടാൽ കാലിട്ടിളക്കി നുണക്കുഴിയും കാട്ടി ചിരിക്കാൻ തുടങ്ങി.അതേവരെ എന്തിനും ഏതിനും മുക്കിയും മൂളിയും പ്രതികരിച്ചിരുന്ന കുഞ്ഞ്‌ പലതും 'പറയാൻ' ശ്രമിച്ചുകൊണ്ടേയിരുന്നു.

ഈ പറഞ്ഞതൊക്കെ ഒന്നര മാസത്തോളം നീണ്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി വല്യമ്മച്ചിമാരും കുഞ്ഞുങ്ങളും എത്ര നന്നായി ഇണങ്ങുമെന്നു.

അമ്മൂമ്മ...ബാ.ബാ.. ഒരുപക്ഷെ ഇതൊക്കെയാവണം എന്റെ കുഞ്ഞ്‌ നിരന്തരം കെട്ട് കൊണ്ടിരുന്നത്‌.ഒരു ദിവസം രാവിലെ ഞാൻ ഉണർന്നതു എന്നേക്കാൾ മുൻപേ ഉണർന്നു ശബ്ദമുണ്ടാക്കികൊണ്ടു കളിക്കുന്ന കുഞ്ഞിനെ കണി കണ്ടുകൊണ്ടാണു.അവൻ അന്നു,ആദ്യമായി ഉച്ചരിച്ച അക്ഷരങ്ങൾ എന്നെ കോരിത്തരിപ്പിച്ചു.
'മ്മ...ബ്ബ...'

ഒരുപാട്‌ ത്രില്ലോടെയാണ് ഞാനന്ന് ഓഫിസിലേക്കിറങ്ങിയത്‌.അവന്റെ അദ്യാക്ഷരങ്ങൾ കേട്ടു പുളകമണിഞ്ഞ എനിക്കു അധിക നേരം ഓഫിസിൽ ഇരിക്കാനായില്ല.

എന്നെ ഊരി വിട്ടെങ്കിലും കടിഞ്ഞാൺ അവന്റെ കൊച്ചു കൈകളിൽ തന്നെയാണല്ലോ!

ഞാൻ തിരിച്ചു വീട്ടിലെത്തി..ആകാംക്ഷയോടെ കുഞ്ഞിനെ വാരി പുണർന്നു നിൽകെ ആത്മവിശ്വാസത്തോടെ അവൻ ഉരുവിട്ടു.
"ഒ..ബാ..മാ.., ഒ..ബാ..മാ , ഒബാമ"

Monday, March 30, 2009

ബ്രഹ്മിയും ചീരേട്ടനും

ബ്രഹ്മി കഴിച്ചാൽ ഓർമക്കുറവു പരിഹരിക്കാം എന്നു ആരാണാവൊ കണ്ടുപിടിച്ചത്‌..ആരാണെങ്കിലും പൊറുക്കുക.അതിന്റെ പേരിൽ ഈയുള്ളവൾകു ഏറ്റ മാനഹാനി ഒന്നുകൂടി ബചെലൊർസ്‌ ഡിഗ്രീ എടുത്താലും മാരില്ല.കാര്യത്തിലേക്കു കടക്കട്ടെ.ഒരു ദിവസം വൈകീട്ടു ഒരു അഞ്ചു അഞ്ചര ആയിക്കാണും. അന്നു കോളെജിൽ ക്ലാസ്സ്‌ കട്ടു ചെയ്ത്‌ സ്റ്റോൺ ബഞ്ചുകളിൽ നിരങ്ങിയപ്പോൾ പൊട്ടിച്ച തമാശകളും ഓർത്തു മുറ്റതു കൂടി ഊറിച്ചിരിച്ചുലാത്തുമ്പോൾ ഗേറ്റ്‌ തുറന്നു മന്ദം മന്ദം നടന്നെത്തി എന്റെ സ്വന്തം അനുജൻ വികൃതി.അവന്റെ മുഖത്തെ മ്ലാനത കണ്ടപ്പോൾ തന്നെ തോന്നി ഏതാണ്ടൊക്കെ ഒപ്പിചുള്ള വരവാണെന്നു. പണ്ടാരാണ്ടൊ പറഞ്ഞമാതിരി സൈകിളിൽ നിന്നു വീണ ചിരി! ഒന്നുകിൽ എതോ ലോകൽ ടീമുമയി ക്രിക്കറ്റ്‌ കളിച്ചു തോറ്റു അല്ലെങ്കിൽ...ആലോചിക്കാൻ നേരം തന്നില്ല അവൻ പറഞ്ഞു "അമ്മയുണ്ടോ അകത്തു? ഞാൻ കണക്കിൽ തോറ്റു.ട്യുഷൻ സാറു അമ്മെംകൊണ്ടു ചെല്ലാൻ പറഞ്ഞു നാളെ'.അവൻ തോറ്റതിന്റെ സങ്കടം ഉണ്ടെങ്കിലും അമ്മയും മകനും തമ്മിലുള്ള ഉഗ്ര പോരാട്ടം മനസ്സിലോർത്തു ഞാൻ ചിരിച്ചുപോയി.പുറത്തു അവൻ വന്നതു മണത്തറിഞ്ഞ അമ്മ ഓടി വന്നു ചോദിച്ചു 'എന്തായീ?' പിന്നെ സംഭവിച്ചത്‌ ഒരു നാടകത്തിന്റെ ക്ലൈമാക്സ്‌ പോലെ തോന്നി. തിളക്കത്തിൽ സലീം കുമാർ കഞ്ചാവു വലിച്ചുവിട്ടു പറയുന്ന സീൻ ആണു മൻസ്സിൽ വന്നതു. ഐ ആം ദി സോറി അളിയാ...ഐ ആം ദി സോറി..അനുജൻ നിലവിളിച്ചുകരഞ്ഞു പറഞ്ഞു. 'സോറി അമ്മേ സോറി..പഠിച്ചതെല്ലാം മറന്നു പോവുന്നമ്മേ...മറന്നു പോവുന്നു..ഇതു കേട്ടു ഗദ്ഗദ കണ്ഠയായ അമ്മ അവനെ സമാധാനിപ്പിച്ചു. പോട്ടെ മോനെ സാരമില്ല" എന്നിട്ടു തിരിഞ്ഞു നിന്നു എന്നോടു ചോദിച്ചു "നീ ആ ചീരേട്ടനെ ഇതു വഴിയെങ്ങാനും പോവുന്നതു കണ്ടൊ"?അസ്ഥാനത്തു ചീരേട്ടൻ എങ്ങനെ കടന്നു കൂടി എന്നു ആലോചിച്ചു നിൽകുമ്പോൾ അമ്മ തുടർന്നു "ഓർമ കുറവിനു ബ്രഹ്മി ബെസ്റ്റ്‌ ആണു. ചീരേട്ടനോട്‌ പറഞ്ഞാൽ കൊണ്ടുത്തരും'
അതരച്ചു പാലിൽ കുടിച്ചാൽ അവൻ കണക്കിൽ നൂറിൽ നൂറു വങ്ങും എന്നാവാം അമ്മ സ്വപ്നം കണ്ടത്‌. എന്നെ വളർത്തിയിട്ടും അമ്മ പഠിച്ചില്ലല്ലോ!!!അതുകൊണ്ടു അടുത്ത ദിവസം ട്യുഷൻ മാഷെ കാണാതെ മുങ്ങാൻ പറ്റില്ലല്ലോ എന്ന പോയിന്റിൽ തൂങ്ങി പിടിച്ചു ഞാനും നിന്നു.
ഈ ചീരേട്ടൻ ഒരു കഥാപാത്രമാണു. പണ്ടു എൺപതിൽ ഒരു വൈദ്യന്റെ സഹായി ആയി നിന്നിരുന്ന ആളാ,ചീരേട്ടനു അറിയാത്ത മരുന്നില്ല.പക്ഷെ ഒരു പ്രശ്നമുണ്ടു.മൂപരെ സമീപിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എവിടെ കണ്ടത്താനാകും എന്ന കാര്യത്തിലും ഒരു ഉറപ്പുമില്ല.നേരെ നോക്കി നടന്നു വഴിയിലെങ്ങാനും കണ്ടുമുട്ടാം എന്ന വ്യാമോഹവും വേണ്ടാ. സർവ വ്യാപിയായ ചീരേട്ടനെ ചുറ്റുവട്ടം മുഴുവൻ നോക്കണം..മരത്തിലും മതിലിലും നോക്കണം, കുളത്തിലും കുറ്റിക്കാട്ടിലും തപ്പണം.പിന്നെ നാട്ടാരു പറയുമ്പോലെ ബുദ്ധി അൽപം കൂടിപ്പോയതിനാൽ 'നൊസ്സ്‌' ഉണ്ടു. പച്ച മലയാളത്തിൽ പറഞ്ഞാൽ 'തലയ്ക്കു വെളിവില്ലായ്മ'. മുഷിഞ്ഞു കീറിയ വസ്ത്രമാണു സ്ഥിരം വേഷം.. പല്ലു തേക്കില്ല കുളിക്കില്ല,പക്ഷെ അന്തിക്കു വീട്ടിൽ പോകും.ആരെ കണ്ടാലും ചായയ്കു കാശിനിരക്കും. ദയ കരുതി പത്തു രൂപാ നൊട്ടു കൊടുത്താൽ കുടുങ്ങും.അതിനു ചില്ലറ വാങ്ങി ചായയുടെ കാശെടുത്തു ബാക്കി കയ്യിൽ വച്ചു തന്നിട്ടേ ആശാൻ പോകൂ.
അതു കള.. ഈ ചീരേട്ടനെ എങ്ങനെ തേടിപ്പിടിക്കും!!! അപ്പോൾ ദാ ദൈവം പ്രത്യക്ഷപ്പെട്ട പോലെ മുന്നിൽ നിൽക്കുന്നു സാക്ഷാൽ ചീരേട്ടൻ വൈദ്യർ. അടുത്ത വീട്ടിലെ തൊടിയിൽ ശതാവരി കിള്ളാൻ വന്നതാത്രെ.
സ്വത സിദ്ധമായ ചിരിയോടെ മുറ്റത്തു നിന്ന ചീരേട്ടന്റെ ഉന്തി നിൽകുന്ന നാലു പല്ലുകൾ 'മഞ്ഞളിച്ചു'.ചീരേട്ടൻ ഓരോ അടി മുന്നോട്ടു വയ്കുംബോഴും ഞാൻ പിന്നൊട്ടു ചവിട്ടി ഉമ്മറതേക്കു കയറും.എന്റെ ധൈര്യം സമ്മതിക്കണം.അല്ലാ ഞാനടക്കമുള്ള ആ പരിസരനിവാസികൾക്കു ഇദ്ധേഹത്തെ പേടിയാണെ.എന്താണു ഏതു സമയതാണു എങ്ങനെയാണു പെരുമാറുക എന്നു ജ്യോൽസ്യർക്കു പോലും പ്രവചിക്കാനാവില്ല.ഒടുവിൽ ഒറ്റ വാചകത്തിൽ ഞാൻ കാര്യം അവതരിപ്പിച്ചു. 'ചീരേട്ടാ,കുറച്ചു ബ്രഹ്മി കൊണ്ടുത്തരണം'.നാലു സ്റ്റെപ്‌ മുന്നോട്ടു വച്ച്‌ നാലു പുറകോട്ടും വച്ച്‌ ഇടതു തിരിഞ്ഞു വലതു ചവിട്ടി നിലത്തു വീണ ശതാവരി വേരും എടുത്തുകൊണ്ടു പറഞ്ഞു. 'മറ്റന്നാൾ കൊണ്ടുത്തരാം'...
ആ പറഞ്ഞ മറ്റന്നാളായി.
എന്റെ വീട്ടിൽ നിന്നു കോളേജിലേക്കു ഏതാണ്ടു ഇരുപതു കിലോ മീറ്റർ വരും ദൂരം.കാലത്തു 7 മണിക്കു വട്ടാലേ ഒൻപതിനു ക്ലാസ്സിലെത്താൻ(അങ്ങനൊരു പതിവില്ല) പറ്റൂ.അന്നു ലാസ്റ്റ്‌ പിരീഡ്‌ കഴിഞ്ഞു ഒരു സങ്ൻഘം ആൺ പെൺ സുഹൃത്തുക്കളുമായി ആർത്തു ചിരിച്ചുല്ലസിച്ചു കാമ്പസ്‌ വിട്ടു ബസ്സ്‌ സ്റ്റോപിൽ എത്തിയ എന്നെയും കാത്തു നിന്ന കോലം കണ്ടു എന്റെ കണ്ണു തള്ളി.അതു പറയുമ്പോൾ തന്നെ എന്റെ നാക്കു വറ്റുന്നു. നമ്മുടെ ചീരേട്ടൻ!!
20 കിലോ മീറ്റർ താണ്ടി എന്നെയും കാത്തു ചീരേട്ടൻ നിൽകുക എന്നതു സ്വപ്നേതി അസംഭവ്യം എന്നു തോന്നി.പക്ഷെ ഇതു കളിയല്ല മോനേ...തലയ്ക്കു സ്ഥിരതയില്ലാത്ത മുഷിഞ്ഞു നാറി നിൽക്കുന്ന പിരാന്തൻ കോലം ഇതെന്തു ഭാവിച്ചാണാവോ! അത്രയും നാൾ ക്ലാസ്സു ബങ്കു ചെയ്തു ക്യാമ്പസിൽ നടന്നുണ്ടാകിയ എന്റെ ഇമേജ്‌!!സഹിക്കണായില്ല! കൂടാതെ അന്തം വിട്ടിരിക്കുന്ന സഹപാഠികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചിരിയും. എന്റെ നാക്കു ചൊറിഞ്ഞു!ഒരു നിമിഷം! കണ്ടു നിന്നവർക്കു സംശയം തോന്നിക്കാണും ആർക്കാണു 'പിരാന്ത്‌' എന്നു.ഞാൻ ചീരേട്ടനെ നോക്കി വായിൽ വന്നതു വിളിച്ചു.സത്യത്തിൽ പേടിച്ചു കാൽ മുട്ടിടിക്കുന്നുണ്ടായിരുന്നു.ഒരു സ്റ്റെപ്‌ മുന്നൊട്ടാഞ്ഞു പിടിച്ചു ചീരേട്ടൻ ഉടുത്തിരുന്ന മുണ്ടൂരി.അതോടെ ഞാൻ ബോധം കെടാറായി.കൂടെയുള്ള പെങ്കുട്ടികൾ ചിന്നം വിലിച്ചു. ആൻ സുഹർട്ട്തുക്കൾ കണ്ണിറുക്കി അടച്ചു. അടുത്ത നിമിഷം ചീരേട്ടൻ മുണ്ടിനകത്തിട്ടിരുന്ന വള്ളി നിക്കറിലെ പോകറ്റിൽ നിന്നും ഒരു കെട്ടു ബ്രഹ്മി നീട്ടി ദ്രംഷ്ട കാട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു "ബമ്മി,ഈടെ അടുത്തൊള്ളെ കനാലിന്റെ ബക്കത്തെ കുറ്റിക്കാട്ടിലെ പൊട്ട കെനറ്റിലേ ഇതു കിട്ടൂ!!!20 കിലോമീറ്റർ താണ്ടി അതിസാഹസികമായി പൊട്ടക്കിണറിൽ ഇറങ്ങി എന്റെ അനുജനെ കണക്കിൽ പാസ്സാക്കാൻ ബ്രഹ്മി തൈയുമായി നിൽക്കുന്ന നിഷ്കളങ്കനായ ചീരേട്ടനു മിന്നിൽ ഞാൻ ആരായി?സഹപാഠികളുടെ മുന്നിൽ ഞാൻ അരായി?
കൂട്ടത്തിൽ നിന്നൊരുത്തൻ പറഞ്ഞു "ഞാൻ ശശി ആയെന്നു"!!!
(പ്രത്യേക ശ്രദ്ധയ്കു:ശശിയായി എന്ന നാടൻ പ്രയോഗത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലായിക്കാണുമല്ലോ!)