Wednesday, June 3, 2009

സീതാവള പണ്ഡു

അഞ്ചാം ക്ലാസിലെ വെക്കേഷൻ സമയത്താ അച്ഛനു വിശാഖപട്ടണത്തേക്കു ട്രാൻസ്ഫർ ആയതു അതുകൊണ്ടു കൂടെ കൂട്ടി ഞാൻ എന്ന ഈ വിളഞ്ഞ വിത്തിനെയും.
അല്ലേലും പണ്ടേ യാത്രയുടെ കാര്യം പറഞ്ഞാൽ ഞാൻ സ്കൂളിൽ എന്നെകൊണ്ടാവും പോലെ വെക്കേഷനാക്കും.
അങ്ങനെ ഒന്നാം ക്ലാസിലെ അവസാന പരീക്ഷ എഴുതീട്ടില്ല..ആരോടും പറയല്ലേ!!
ഞങ്ങളുടെ സ്കൂളിലെ അറബി മാഷ്‌ പഠിക്കാത്തപിള്ളേരെ ചുഴലിക്കാറ്റ്‌ പോലെ എടുത്തു കുടയുന്നതു കണ്ടിട്ടു പനിച്ചിട്ടുണ്ടു ഈ ധൈര്യശാലിക്ക്‌.ചുഴലിക്കായി തിരഞ്ഞെടുത്തവരെ ക്യൂവിൽ നിർത്തും,എന്നിട്ടു ചെവി നുള്ളി പൊള്ളിക്കും അതുകഴിഞ്ഞു കൈത്തണ്ടയിൽ പിടിച്ചു ഒരു കുടച്ചിൽ,കാണുന്നവന്റെ ട്രൗസറു നനയും,കുടയപെട്ടവന്റെ ട്രൗസറു കീറും!
അങ്ങനെയൊക്കെ നല്ലകുട്ടി് ആയി വളരുന്നതിനിടയിലാണു ഈ യാത്ര തരപ്പെട്ടതു.മുള്ളിന്മേൽ കയറി നിന്നു പരീക്ഷ എഴുതിത്തീർത്തു.ഭാണ്ഡം കെട്ടിപ്പൂട്ടി റെഡി ആയി.ഒരു തെലുങ്കു ട്രാൻസ്ലേഷൻ ബുക്കും ഒപ്പിച്ചു.നാടുവിട്ടു.

പുസ്തകത്തിൽ വടക്കുനിന്നും തെക്കോട്ടും ഇടത്തു നിന്നു വലത്തോട്ടും ഒഴുകുന്ന നദികളെപറ്റി പഠിച്ചിട്ടുണ്ടെന്നല്ലാതെ ഈ കൃഷ്ണയുടെം ഗോദാവരിടെയും മേലേകൂടി യാത്ര ചെയ്യുമെന്നു സ്വപ്നം കണ്ടിട്ടേയില്ല! അതിന്റെ സന്തോഷത്തിൽ കുടിച്ച ഫ്രൂട്ടിയുടെ കവർ കൃഷ്ണാ നദിയിലിട്ടതു ഏതാണ്ടു അമിതാഭ്‌ ബച്ചനെ തൊട്ട പോലൊരു സന്തോഷമായിരുന്നു!

ഞങ്ങൾ താമസിച്ചിരുന്നതു സാമാന്യം വലിയൊരു വീട്ടിലായിരുന്നു. ആ വീടിനു തൊട്ടുള്ള വീടു ഞങ്ങളുടെ സ്നേഹനിധിയായ ഓണർ 'തെലുംഗമ്മ' എന്നു ഞാൻ വിളിച്ചിരുന്ന മഞ്ജുളാന്റിയുടെതും.
ആ രണ്ടര മാസക്കാലം ഞാൻ മറക്കുകയേയില്ല!

രാവിലെ എഴുന്നേറ്റ്‌ വേപ്പിന്റെ തണ്ടുകൊണ്ടു പല്ലു തേക്കും,പിന്നെ പയറുപൊടി ഇട്ടു കുളി,അതുകഴിഞ്ഞു മുടി ഉണങ്ങിയാൽ ഒരു റിബണുമായി തെലുംഗമ്മയുടെ അടുത്തേക്കു.മുടിയുടെ അറ്റം വരെ പിന്നിക്കെട്ടി രണ്ടു സൈഡിലും ഇട്ടു, കുപ്പി വളയും മുക്കാൽ പാവാടയും ഇട്ടു അപ്പുറത്തെ വേലക്കാരിയുടെ കൂടെ മാർക്കറ്റിൽ പോകും.അതു മെയിൻ ഹോബി...
കൂൽ എന്നു ഹിന്ദിക്കാരു വിളിക്കുന്ന 'ബോറാപ്പിൾ' തിന്നു നടക്കും..പോവുന്നൊരോടൊക്കെ 'ഏമണ്ടി,ചെപ്പണ്ടി,എക്കട കെൽത്താവാ' എന്നൊക്കെ പഠിച്ചതുരുവിട്ടു ഞാൻ അവിടെ അവരുടെ കണ്ണിലെ 'കൃഷ്ണമണിയായി' എന്നു കരുതണ്ട 'കരടായി'.

ഒരു രസകരമായ കാഴ്ച അതുവഴി പോകുന്ന ഉന്തു വണ്ടി വിൽപനക്കാരികളാണു.
വിളിച്ചു പറയുന്നതു കേട്ടാൽ ഉറക്കത്തിലാണെങ്കിലും ഞാൻ പുറത്തിറങ്ങി നോക്കും.വലിയ പ്രതീക്ഷയോടെ അവർ മുറ്റത്തെത്തുമ്പോൾ "ഒദ്ദ്‌" (വേണ്ട )എന്നു പറഞ്ഞൊഴിവാക്കും. അതുകൊണ്ടു മിക്കവാറും ആ ചേച്ചിമാർ ഞങ്ങളുടെ നേർക്കു നോക്കുന്നതു പോലും നിർത്തി.
ഒരുദിവസം "കൂറ" വിൽകാൻ വന്ന ചേച്ചിയെ ഞാൻ ഓടിച്ചിട്ടു പിടിച്ചു.പിന്നെ മനസ്സിലായി ഈ കൂറ എന്നു പറഞ്ഞാൽ 'ചീര' ആണെന്നു. പിന്നെ ഞാനും അവരെപോലെ പറഞ്ഞു നടക്കും .
'ഗോംഗോ​‍ൂറാ, പച്ചക്കൂറാ,പാലക്കൂറെയ്‌'

ഒരു ദിവസം നാട്‌ തെണ്ടി നടന്ന എന്നെ അമ്മ അടിച്ചു പഞ്ചറാക്കി,
'കവാത്തിനിറങ്ങിക്കോളും,വല്ലോരും പിടിച്ചോണ്ടുപോയി തെരുവിൽ പിച്ചയ്കിരുത്തും'

ഒറ്റ നോട്ടത്തിൽ അന്നത്തെ ആ വേഷത്തിൽ ഞാൻ കൈ നീട്ടിയാൽ വല്ലോനും ചില്ലറ തന്നേനെ എന്ന്‌ പിന്നെ തോന്നിയിട്ടുണ്ടു.
അറബി മാഷെക്കാളും നന്നായി അമ്മ എന്നെ എടുത്തിട്ടു പെരുമാറിയതിന്റെ പേരിൽ ദേഷ്യം തീർക്കാൻ വിളിച്ചുകൂവി..
അതിനും കിട്ടി 'പാഞ്ഞടി'!( ഓടിച്ചിട്ടു തല്ലുക).
കേഡിത്തരം കാട്ടണമല്ലോ,
'എനിക്കു ചോറു വേണ്ടാ' ഞാൻ ഗർജിച്ചു ;
അമ്മ വിട്ടില്ല, 'വേണ്ടെങ്കിൽ കഴിക്കേണ്ടാ'

നാടു തെണ്ടി വന്ന എന്റെ വിശപ്പിനു കൈയും കാലും വച്ചിരിക്കുമ്പോഴാ എന്റെ ഈ പരിത്യാഗം എന്നോർക്കണം.
അപ്പൊ വന്നു പൂറത്തു നിന്നും വിളി.
അരഡിപണ്ഡു, സീതാവളപണ്ഡു,മാമഡിപണ്ഡൂ... എന്നു വച്ചാൽ വാഴപ്പഴം,സീതപ്പഴം,മാമ്പഴം .
എന്നർത്ഥം ഞാൻ ഇറങ്ങി ഓടി.. വെയിലത്തു തളർന്നവശയായെത്തിയ ഒരു മധ്യ വയസ്ക.നരച്ച മുടിയും കയ്യിൽ ഒരു ഗമണ്ടൻ വളയും.
വന്നപാടെ ഞങ്ങളുടെ ഉമ്മറത്തു കയറി ഇരുന്നു അവർ വീശാൻ തുടങ്ങി.പിന്നെ അകത്തോട്ടു നോക്കി അമ്മയോടു പറഞ്ഞു.
'ഇക്കട ചൂഡണ്ടി, തിന്നെക്‌ ഏൻ ഉംദി'?
എന്നു വച്ചാൽ 'നോക്കു,തിന്നാൻ എന്തുണ്ടു'? അതുകേട്ട്‌ അമ്മ അകത്തോട്ടു പോയി .
കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാൻ അവരുടെ അടുത്തു കൂടി മെല്ലെ ചോദിച്ചു.
എന്തിനാ ഇത്ര വലിയ വള ഇട്ടിരിക്കുന്നതെന്നു.
അവർ ചിരിച്ചുകൊണ്ടു പറഞ്ഞു. 'ഭർത്താവിനെ തല്ലാൻ' !!
പെണ്ണുങ്ങൾ ഭർത്താക്കന്മാരെ തല്ലും,തല്ലാം,തല്ലണം എന്ന വാസ്തവം അന്നാണു ഞാൻ അറിഞ്ഞതു,ഇതുവരെ എനിക്കതൊന്നും പ്രയോഗിക്കേണ്ടി വന്നിട്ടില്ല. എന്നാലും എന്നെകൊണ്ടതൊന്നും ചെയ്യിക്കല്ലേ മുത്തപ്പാ!

അങ്ങനെ കുശലം പറഞ്ഞിരിക്കുമ്പോൾ ദാ അമ്മ വരുന്നു ഒരു പ്ലെയിറ്റ്‌ നിറയെ ചോറും പൊരിച്ച മീനും,സാംബാറും, തോരനുമൊക്കെ ആയിട്ടു.അതു അവർകു കൊടുത്തതും എല്ലാം കൂടി കൂട്ടി ഒരു ചെലുത്തലായിരുന്നു പിന്നീടു കണ്ടതു.വിശപ്പിന്റെയും ക്ഷീണത്തിന്റെയും വിളിയിൽ ഞാൻ അടുത്തിരിക്കുന്നതു പോലും ശ്രദ്ധിക്കാതെ അവർ വാരി വലിച്ചു തിന്നു. ഇതു കണ്ടു കൊതി മൂത്ത്‌ ഏതാണ്ടു സമാന അദ്ധ്വാനവും കഴിഞ്ഞു വന്ന ഞാൻ വീണ്ടും അമ്മയോടു ഗർജിച്ചു.
'അമ്മേ എനിക്കും ചോറു താ'!!
അമ്മ പറഞ്ഞു "നിന്റെ ചോറാണു അവർ തിന്നതു,വേണ്ടെന്നല്ലേ പറഞ്ഞതു"!
ഹൊ! ആരെ കൊല്ലണം എന്നു തോന്നിപോയി! അവരെന്നെ നോക്കി ഏമ്പക്കം ഇട്ടു എണീറ്റപ്പോൾ എനിക്കു സഹിച്ചില്ല.പ്രതികാരത്തിനു കുട്ടയിൽ നിന്നും രണ്ടു സീതാവളപണ്ഡു ഞാൻ എടുത്തു അവരെ കൊഞ്ഞനം കാട്ടി. അകത്തിരുന്നു തിന്നുമ്പോൾ അമ്മ ചോദിക്കുന്നതു കേട്ടു. 'ഇതി യെറ്റ്ല'? രണ്ടു സീതപ്പഴത്തിനു എന്തു വില എന്നു!!! എന്തായാലും അതോടെ ഭക്ഷണത്തിനു മുന്നിൽ കാണിച്ചു കൊണ്ടിരുന്ന പിടി വാശികൾക്ക്‌ അറുതിയായി!!!