Wednesday, January 6, 2010

കൊട്ടാരം;തീരത്തുള്ളത്‌!

ഇന്നു ഞാൻ പൊട്ടിക്കരഞ്ഞു പോയി!
ഉറക്കെ, ഉറക്കെ;
ആത്മാവുയർന്ന ദേഹം നോക്കിയല്ല,
കിട്ടുമെന്നോർത്ത നിധി പോയതുകൊണ്ടുമല്ല!
പഴകി വീഴാനായുന്ന പ്രേത ഹർമ്യം കണ്ട്‌!

രാജാവിന്റെ സ്വപ്നത്തിനു കല്ലുകൊത്തിയത്‌,
രാജ്ഞിയുടെ എണ്ണച്ചായത്തിനു ചാരി നിൽകാനുള്ളത്‌,
ഭടന്റെ കുന്തമുന ചരിഞ്ഞു നിൽക്കേണ്ടുന്നത്‌ ,
കിഴക്കിനു വീശുന്ന കടൽ കാറ്റിലിളകാത്തത്‌.
കൊട്ടാരം; തീരത്തുള്ളത്‌;
ഇന്നു പൊളിഞ്ഞു വീഴാറായത്‌!

പൊട്ടിക്കരഞ്ഞത്‌,
കരഞ്ഞു പോയത്‌;
നെഞ്ചിടിപ്പ്‌ നിന്നത്‌,
മരവിച്ചതു,
കൊട്ടാരമുറ്റത്ത്‌ കണ്ണ്‌ നട്ടപ്പോഴാണു!

അടർന്നു വീണ കല്ലിനു ചിതലിന്റെ മണം,
പടർന്ന പുല്ലിൽ മുള്ള്‌-കാരമുള്ള്‌!
കാറ്റിൽ പറന്നത്‌ മട്ടുപ്പാവിലെ പ്രാവല്ല;
പാറാവുകാരന്റെ മേൽകൂര!

ശേഷിപ്പിന്റെ ശോഷിപ്പ്‌-ഇന്ന്‌!!
അസ്ഥിമാടം ഇതിലും നന്ന്‌!!
കടലിന്റെ തീരം...
പക്ഷെ കാടിന്റെ പടലം!

കാത്തുവച്ചതു, കാലൻ!
കാലം,കാലനായത്‌.
കാരാഗൃഹമായതും,
കാനനമായതും കൊട്ടാരം;
കടൽത്തീരത്തുള്ളത്‌ !

ഇന്നു ഞാൻ അലമുറ കൂട്ടി ഉറക്കെ,
ആർത്തിരമ്പിയ അല അതിലുമുറക്കെ
ഉറക്കെ...ഉറക്കെ