Wednesday, November 20, 2019

അമ്പതിൽ എട്ട്

ഇന്ന് ഹിസ്റ്ററി പരീക്ഷ എന്ന ടോപിക് എങ്ങനെയോ വന്നുപെട്ടു അപ്പോഴാണ് പഴയ ഒരു കഥ ഓർമ വന്നത്... മരണ ശയ്യയിൽ ആയിരുന്ന സ്കൂൾ മാനേജർ ഏതു നിമിഷവും പരലോകവാസത്തിനു പുറപ്പെടും പരീക്ഷകൾ മാറ്റിവച്ചേക്കാം എന്ന അഭ്യൂഹം സ്കൂൾ പരക്കെ പരന്നു... പറയേണ്ടല്ലോ പഠിക്കാനുള്ളതും മാറ്റി വച്ചു പാടത്തും വരമ്പത്തും തെണ്ടി നടന്നു തീർത്തു... മാനേജർ നൈസ് ആയിട്ട് വെള്ളിയാഴ്ച്ച വൈകീട്ട് ഗുഡ്ബൈ പറഞ്ഞു സ്ഥലം വിട്ടു..അടുത്തത് സോഷ്യൽ സ്റ്റഡീസ് പരീക്ഷ... ഒരക്ഷരം പഠിച്ചതായി പോലും ഓർമയില്ല.. വാർഷിക പരീക്ഷയിൽ മാറ്റുരയ്ക്കാം എന്ന് കരുതി നന്നായി പ്രാർത്ഥിച്ചു ഡബിൾ ലൈൻ ഭസ്മക്കുറിയൊക്കെ വരച്ചു ക്ലാസ്സിൽ ചെന്ന്... അത് തന്നെ, ചോദ്യങ്ങൾ എന്റെ പാഠപുസ്തകത്തിൽ നിന്ന് തന്നെയാണോ എന്നൊരു സംശയം മാത്രെ തോന്നിയുള്ളൂ... പിന്നെ തള്ള് തുടങ്ങി... പരീക്ഷ പകുതി സമയം പിന്നിട്ടപ്പോൾ ദാ വരുന്നു വല്യമ്മ ഇൻവിജിലേറ്റർ ആയി എന്റെ ക്ലാസ്സിൽ. ക്രിയേറ്റിവിറ്റി മാത്രം കൈമുതലായി പരീക്ഷയെഴുതിക്കൊണ്ടിരുന്ന എന്റെ കിളി വല്യമ്മയെ കണ്ടതോടെ പറന്നു പോയി.. അടുത്ത് വന്നു സസൂക്ഷ്മം എന്നെ വന്നു നോക്കിയതും എന്റെ തലകറങ്ങിയതും ഒരുമിച്ചായിരുന്നു.. എന്തായാലും അധിക നേരം ടെൻഷൻ എടുക്കാൻ വയ്യാത്തത് കൊണ്ടു എല്ലാവരെകാളും മുന്നേ ഉത്തരക്കടലാസ് സബ്മിറ്റ് ചെയ്തു ഇറങ്ങി. വല്യമ്മ ഹിന്ദി ടീച്ചർ ആണല്ലോ ഇതിപ്പോ ഹിസ്റ്ററി ഒക്കെ അല്ലേ എന്ന ധൈര്യം എവിടുന്നോ ആഞ്ഞുവീശി.
'കഴിഞ്ഞോ ' എന്ന ചോദ്യത്തിൽ മിടുക്കി എന്ന് വല്യമ്മ കരുതിക്കാണും എന്ന് ആത്മഗതം പറഞ്ഞു ഇറങ്ങിയപ്പോൾ അടുത്ത ചോദ്യം 'ഇത്ര പെട്ടെന്നോ '... പെട്ടെന്ന് മനസ്സിലായി എങ്കിലും വേഗം ഓടിത്തള്ളി വീടെത്തി വീണ്ടും തെണ്ടാൻ തുടങ്ങി.. സന്ധ്യയ്ക്കു വീട്ടിൽ എത്തിയപ്പോൾ സാക്ഷാൽ വല്യമ്മ അമ്മയോടൊപ്പം... പരീക്ഷണം തീർന്നില്ലേ ദൈവങ്ങളെ !
'നീയിങ്ങോട്ടു വന്നേ' അമ്മ വിളിച്ചു.. തീർന്നു, ഭാവിയിലോട്ടുള്ള എന്റെ കുതിപ്പിൽ ഇടപെടുന്ന വേണ്ടപ്പെട്ടവരുടെ മുഖങ്ങൾ ഇനിയുള്ള ദിവസങ്ങൾ എന്റെ ദൈന്യതയിൽ ചളിവാരി എറിയും ഉറപ്പായി !
'അല്ലപ്പാ, നീ എന്ത് ബിടലാണ് ബിട്ടത്, ഒരു മാർക്ക് പോലും കിട്ടുമോ ആർക്കറിയാം ' വല്യമ്മ ചോദിച്ചു.. കൂട്ടിന് അമ്മയും ' എന്നാലും റഷ്യൻ വിപ്ലവത്തിന് ഉത്തരം ആയിട്ട് കഴിഞ്ഞ എപ്പിസോഡ് മഹാഭാരതം സീരിയലിലെ കാര്യങ്ങൾ എഴുതുക എന്നൊക്കെ പറഞ്ഞാൽ, നൊസ്സാണോ നിനക്ക് '
അടുത്ത ഒരാഴ്ചയിലെ എന്റെ ഭാവി ജീവിതം ഭദ്രമായതിൽ നെടുവീർപ്പിട്ടു ഞാൻ ചോദിച്ചു... 'അമ്മേ, വിശക്കുന്നു ചായ വച്ചു തരാൻ പറ്റുമോ !
'ഫ '
അവശേഷിച്ചത് ഒരാട്ട് മാത്രം !

Friday, August 5, 2011

കൊച്ചിണ്റ്റെ അമ്മ

ഒരു കൊച്ചിനെ ഒണ്ടാക്കി സൈഡായിട്ടു വേണം എഴുത്തും വായനയും ഒന്നേന്ന് തൊടങ്ങാന്‍ എന്നു ഞാന്‍ കരുതീന്നുള്ളതു കറക്റ്റ്‌.പക്ഷെ തെറ്റിപ്പോയ്‌...സത്യം പറഞ്ഞാല്‍ കൊച്ചു മുട്ടിലെഴയുന്നതും നിര്‍ത്തി എത്താത്തതു പലകയിട്ടു കേറി അള്ളി വലിക്കുന്ന പ്റായവും ആയി...ഞാന്‍ അക്ഷരം കൂട്ടിവായിക്കാന്‍ മറന്നുന്നല്ലാണ്ടു ഒരു കാര്യവും നടന്നിട്ടില്ല. .

ബ്ളോഗുന്നില്ലേ എന്നു ചോദിക്കുന്നോരോട്‌ കുട്ടിയുണ്ടെന്നു പറഞ്ഞാ നടക്കണെയ്‌ .

ചെക്കനെ തൊട്ടിലില്‍ കമിഴ്ത്തിക്കിടത്തി വാഷിംഗ്‌ മെഷീനിന്നു 4 കാറും,ഫ്രിഡ്ജിന്നു അവണ്റ്റെ ബാറ്റും തറയില്‍ നിന്നു പ്ളേറ്റും എടുത്തു സ്ഥാനത്തു വച്ചു സ്വസ്ഥ്മായി ഒന്നു ബ്ളോഗു തുറന്നു നോക്കിയതാ..ഞെട്ടിപ്പോയ്‌!!അതന്നെ,കുട്ടിക്കു 3 വയസ്സായിരിക്കുന്നു.

എല്ലാരെയും വല്ലാണ്ടെ മിസ്സ്‌ ചെയ്തുട്ടൊ കേഡിക്കു..

അല്ലേലും കേഡിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലാട്ടൊ,ലാപ്ടോപും പെന്നും പേപ്പറും വീക്നെസ്സായ ഒരു കൊച്ചിണ്റ്റെ അമ്മയ്കു സ്വര്യായിട്ടു ബ്ളൊഗില്‍ കേറാന്‍ ഒക്കുവോ?

അമ്മബ്ളോഗിണിമാരു പറയട്ടെ!!

എന്തായാലും കേഡിയ്കു കൊറെ പറയാനുണ്ടു...

ഉടന്‍ തിരിച്ചു വരാം...
ഇപ്പൊ പോയി ബക്കറ്റുവെള്ളത്തില്‍ കെടക്കുന്ന മൊബൈല്‍ ഓണ്‍ ആവുന്നുണ്ടോന്നു നോക്കട്ടെ..

Wednesday, January 6, 2010

കൊട്ടാരം;തീരത്തുള്ളത്‌!

ഇന്നു ഞാൻ പൊട്ടിക്കരഞ്ഞു പോയി!
ഉറക്കെ, ഉറക്കെ;
ആത്മാവുയർന്ന ദേഹം നോക്കിയല്ല,
കിട്ടുമെന്നോർത്ത നിധി പോയതുകൊണ്ടുമല്ല!
പഴകി വീഴാനായുന്ന പ്രേത ഹർമ്യം കണ്ട്‌!

രാജാവിന്റെ സ്വപ്നത്തിനു കല്ലുകൊത്തിയത്‌,
രാജ്ഞിയുടെ എണ്ണച്ചായത്തിനു ചാരി നിൽകാനുള്ളത്‌,
ഭടന്റെ കുന്തമുന ചരിഞ്ഞു നിൽക്കേണ്ടുന്നത്‌ ,
കിഴക്കിനു വീശുന്ന കടൽ കാറ്റിലിളകാത്തത്‌.
കൊട്ടാരം; തീരത്തുള്ളത്‌;
ഇന്നു പൊളിഞ്ഞു വീഴാറായത്‌!

പൊട്ടിക്കരഞ്ഞത്‌,
കരഞ്ഞു പോയത്‌;
നെഞ്ചിടിപ്പ്‌ നിന്നത്‌,
മരവിച്ചതു,
കൊട്ടാരമുറ്റത്ത്‌ കണ്ണ്‌ നട്ടപ്പോഴാണു!

അടർന്നു വീണ കല്ലിനു ചിതലിന്റെ മണം,
പടർന്ന പുല്ലിൽ മുള്ള്‌-കാരമുള്ള്‌!
കാറ്റിൽ പറന്നത്‌ മട്ടുപ്പാവിലെ പ്രാവല്ല;
പാറാവുകാരന്റെ മേൽകൂര!

ശേഷിപ്പിന്റെ ശോഷിപ്പ്‌-ഇന്ന്‌!!
അസ്ഥിമാടം ഇതിലും നന്ന്‌!!
കടലിന്റെ തീരം...
പക്ഷെ കാടിന്റെ പടലം!

കാത്തുവച്ചതു, കാലൻ!
കാലം,കാലനായത്‌.
കാരാഗൃഹമായതും,
കാനനമായതും കൊട്ടാരം;
കടൽത്തീരത്തുള്ളത്‌ !

ഇന്നു ഞാൻ അലമുറ കൂട്ടി ഉറക്കെ,
ആർത്തിരമ്പിയ അല അതിലുമുറക്കെ
ഉറക്കെ...ഉറക്കെ

Saturday, November 21, 2009

മരാമത്ത്‌

ഹലോ..18...5..7..2 അല്ലേ?

അതേയ്‌?

സാറേ, റോഡിൽ കുഴി!!!?

യെന്തരു? കുഴിയിൽ റോഡാ?

അല്ല...കുഴി..വെള്ളം ഉണ്ട്‌..മഴയാ..നടക്കാൻ പറ്റുന്നില്ലാ!

ഡോ, ഡാഷിന്റെ മോനേ..ഈ നംബരിൽ വിളിച്ചാൽ മഴ നിർത്താൻ പറ്റുവോ?

അല്ല സാറേ... കുഴി, അല്ല ഗർത്തം!!

യെവനോക്കെ കൊച്ചു വെളുപ്പാൻ കാലത്തു കക്കാൻ പോവു‍ാണൊ?
ഡോ, താൻ ഒരു കാര്യം ചെയ്യ്‌,പപ്പു പോണപോലെ പൊയ്കൊ...എങ്ങനെയാണെന്നറിയില്ലേല്ല് കാണിച്ചു തരാം.. അവിടെ കുഴി...ഇവിടെ റോഡ്‌...ഇവിടെ കുഴി..അവിടെ റോഡ്‌...മെനക്കെടുത്താണ്ട്‌ വച്ചിട്ടു പോടെയ്‌..

.. ഠിം...കട്ട്‌!!!

ഹലോ...18...5..7..2 അല്ലേയ്‌?

ആണെങ്കിൽ?

സാറേ...പാലം ഒലിച്ചുപോയി?!!!!! ​‍

്‌$$$$$​‍്​‍്​‍്‌*** ....​‍്‌***$$​‍്‌$%​‍്‌..%$$​‍്​‍്‌%$**(തെറി)

ഠിം..കട്ട്‌

Monday, November 9, 2009

ഇൻ ക്രെഡിബിൾ ഇന്ത്യ

അമേരിക്ക 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബിട്ടു തകർത്തതു ചരിത്രത്തിലെ മറക്കാനാകാത്ത ഏട്‌, എന്നും പറഞ്ഞു ജപ്പാൻ കാരു വെറുതെയിരുന്നോ? പത്തറുപതു വർഷം പിന്നിട്ടപ്പോൾ ലോകം മുഴുവൻ ഇപ്പറഞ്ഞ ജപ്പാൻ നഗരങ്ങളിലേക്കു ടിക്കറ്റും വാങ്ങി ഒരു നോക്കു കാണാൻ പോകുന്നതു അന്നു ബോംബിട്ടപ്പോൾ ഉണ്ടായ കുഴി കാണാൻ ഒന്നുമല്ലല്ലോ,മറിച്ചു നാൾകു നാൾ വികസിച്ച മഹാ നഗരവും അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന കൗതുകങ്ങളും കാണാൻ തന്നെയാണു.

ഇങ്ങു ഇന്ത്യയിലെ സ്ഥിതി വഷളാണെന്നു തോന്നിയിട്ടുണ്ട്‌. 'ഞങ്ങളുടെ നാട്ടിലും ബോംബിട്ടേ' എന്നു അഭിമാനപൂർവം പറയുന്ന മറ്റേതു രാജ്യമുണ്ട്‌? അൽ ഖ്വയ്ദയുടെ മുതലാളി ബുൾഡോസർ വിമാനം കൊണ്ടു ഡബ്ല്യൂ ടി സി ഇടിച്ചിട്ടപ്പോൾ കെട്ടിടം വീണിടത്തു 'ഗ്രൗണ്ട്‌ സീറോ' എന്നു ചെല്ലപ്പേരിട്ട്‌ പൂവും മെഴുകുതിരിയും വയ്ക്കുന്നതും വയ്പ്പിക്കുന്നതും അല്ലാതെ ഓസാമയുടെ തലയിൽ ആറ്റം ബോംബിടാൻ ഒന്നും ഇപ്പറഞ്ഞ അമേരിക്കക്കാര്ർകു കഴിഞ്ഞൊന്നുമില്ലല്ലോ! ആണായി പിറന്നോൻ എന്നു എല്ലാരും പറഞ്ഞ ഒബാമ പോലും 'ഓസാമയെ ദാ ഇപ്പൊ പൊക്കും,ഏതു മാളത്തിലായാലും ഇപ്പൊ പൊക്കും എന്നു പറയുന്നതല്ലാതെ പൊക്കീല്ലല്ലോ.

ആഗോളവൽകരണം എന്നും പറഞ്ഞു കൊടി പിടിച്ചു മുന്നോട്ടു നടക്കുന്നോനും തിരിഞ്ഞു നടക്കുന്നോനും ഒരു കാര്യം മനസ്സിൽ വയ്കണം. കണ്ടു പഠിക്കാൻ ചിലതുണ്ട്‌. അതു പഠിച്ചേ പറ്റൂ നാടു നന്നാക്കാൻ!
ആണവ കരാർ മുതൽ പാകിസ്താനിലൂടെ പൈപ്പു വലിക്കുന്നതു വരെ അമേരിക്ക പറഞ്ഞതുപോലെ ചെയ്യുന്ന ഇൻ ക്രെഡിബിൾ ഇന്ത്യക്കാരു പുതിയൊരു കാര്യം കൂടി ചെയ്തു വച്ചിട്ടുണ്ടു. അമേരിക്കയിൽ പതിനൊന്നാം തീയതിയാണെങ്കിൽ ഇന്ത്യയിൽ പതിനൊന്നാം മാസം ഭീകരർ വിളയാടിയല്ലോ; അതൊരു ടൂറിസം തന്ത്രമാക്കി വച്ചിരിക്കുകയാണിവിടെ. വേണമെങ്കിൽ 'ടെറർ ടൂറിസം' എന്നും അതിനെ വിളിക്കാം.

അക്വ ടൂറിസം കേരളത്തിൽ തട്ടേക്കാടു മുതൽ അരൂകുറ്റി വരെ ഒഴുകി ഇറെസ്പോൺസിബിൾ ടൂറിസം ആയതുപോലെ ഹോട്ടലിൽ താമസിക്കാൻ പോകുന്ന കാശുള്ള ടൂറിസ്റ്റുകൾകു വെടിയുണ്ട തുളഞ്ഞ മുറിയിൽ താമസിക്കാം;ചില്ലറ അധികം കൊടുത്താൽ മതി. അല്ലാത്തവനു ഇന്ത്യാ ഗേറ്റിന്റെ ഫോട്ടൊ എടുക്കുന്ന പോലെ ഈ പറഞ്ഞ ഹോട്ടലിന്റെ ഫോട്ടൊ പുറത്തു നിന്നു എടുക്കാം. ഞങ്ങളും യുദ്ധം ചെയ്തിട്ടുണ്ടെന്നു പറയുകയാണു ഇതിലൂടെയെങ്കിൽ വേണമെങ്കിൽ അൽപം പുരികം ചുളിക്കാം.പക്ഷെ ഇതു വെടിവച്ചവന്മാരെ 'ഹീറൊകൾ' ആക്കുന്ന കാര്യം സഹിക്ക വയ്യ!

മുട്ടയിൽ നിന്നും പൊട്ടാത്ത ഒരുത്തൻ അവനെക്കാൾ ഭാരമുള്ള ഏ കെ 47 എടുത്തു നീല ടി ഷർട്ടും ഇട്ടു നിൽക്കുന്ന ഫോട്ടൊ ഓർക്കുട്ടുകാര്ർക്കു വരെ കമ്മുണിറ്റി ഉണ്ടാക്കി കൊടുത്തു, വീരസാഹസികത!!! ഗാന്ധിജിയെ വെടിവച്ചു വീഴ്ത്തിയ ഗോട്സെ മുതൽ,ഇക്കൂട്ടർക്കെതിരെ തിരിഞ്ഞെന്ന പേരും പറഞ്ഞ്‌ ചിദംബരത്തിനെ ചെരുപ്പെറിഞ്ഞ ജെർണ്ണൽ സിംഗ്‌ വരെ ഇന്നു ഇന്ത്യയുടെ നായകന്മാരായി..
തൂക്കു മരം തൊട്ടു തൊട്ടില്ല എന്നും പറഞ്ഞു നിൽക്കുന്ന അഫ്സൽ ഗുരുവും,പ്രായം തെളിയിക്കുന്ന സെർറ്റിഫികറ്റ്‌ ഇല്ലാത്ത താന്തോന്നി കസബ്‌ വരെ വരുന്നോനും പോകുന്നോനും ചർച്ചാവിഷയമായി..എന്തിനു ഞമ്മടെ നാട്ടിലെ 'ഷുക്കൂർ' വരെ തീവ്രവാദിയായി.

ഇന്ത്യാ മഹാരാജ്യത്തിൽ ഇന്ത്യയെ സ്നേഹിക്കുന്ന ചിലർ ഇപ്പോഴും ജീവനോടെയുണ്ട്‌.വെറുതെ വീട്ടിൽ ഇരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനും ഇവരെ കൊണ്ടു പറ്റാത്ത അവസ്ഥയായി. എങ്കിലും ഏമാന്മാരോടു, അതായതു ഇന്ത്യ ഭരിക്കുന്നോരോടു ഒരു കാര്യേ പറയാനുള്ളു.

'എന്റുപ്പാപ്പയ്കൊരാന ഒണ്ടാർന്നൂന്നു പറയുന്നതിനു പകരം ,മിനിമം ഒരാനയെയെങ്കിലും പോറ്റി വളർത്ത്‌!!!'

Wednesday, June 3, 2009

സീതാവള പണ്ഡു

അഞ്ചാം ക്ലാസിലെ വെക്കേഷൻ സമയത്താ അച്ഛനു വിശാഖപട്ടണത്തേക്കു ട്രാൻസ്ഫർ ആയതു അതുകൊണ്ടു കൂടെ കൂട്ടി ഞാൻ എന്ന ഈ വിളഞ്ഞ വിത്തിനെയും.
അല്ലേലും പണ്ടേ യാത്രയുടെ കാര്യം പറഞ്ഞാൽ ഞാൻ സ്കൂളിൽ എന്നെകൊണ്ടാവും പോലെ വെക്കേഷനാക്കും.
അങ്ങനെ ഒന്നാം ക്ലാസിലെ അവസാന പരീക്ഷ എഴുതീട്ടില്ല..ആരോടും പറയല്ലേ!!
ഞങ്ങളുടെ സ്കൂളിലെ അറബി മാഷ്‌ പഠിക്കാത്തപിള്ളേരെ ചുഴലിക്കാറ്റ്‌ പോലെ എടുത്തു കുടയുന്നതു കണ്ടിട്ടു പനിച്ചിട്ടുണ്ടു ഈ ധൈര്യശാലിക്ക്‌.ചുഴലിക്കായി തിരഞ്ഞെടുത്തവരെ ക്യൂവിൽ നിർത്തും,എന്നിട്ടു ചെവി നുള്ളി പൊള്ളിക്കും അതുകഴിഞ്ഞു കൈത്തണ്ടയിൽ പിടിച്ചു ഒരു കുടച്ചിൽ,കാണുന്നവന്റെ ട്രൗസറു നനയും,കുടയപെട്ടവന്റെ ട്രൗസറു കീറും!
അങ്ങനെയൊക്കെ നല്ലകുട്ടി് ആയി വളരുന്നതിനിടയിലാണു ഈ യാത്ര തരപ്പെട്ടതു.മുള്ളിന്മേൽ കയറി നിന്നു പരീക്ഷ എഴുതിത്തീർത്തു.ഭാണ്ഡം കെട്ടിപ്പൂട്ടി റെഡി ആയി.ഒരു തെലുങ്കു ട്രാൻസ്ലേഷൻ ബുക്കും ഒപ്പിച്ചു.നാടുവിട്ടു.

പുസ്തകത്തിൽ വടക്കുനിന്നും തെക്കോട്ടും ഇടത്തു നിന്നു വലത്തോട്ടും ഒഴുകുന്ന നദികളെപറ്റി പഠിച്ചിട്ടുണ്ടെന്നല്ലാതെ ഈ കൃഷ്ണയുടെം ഗോദാവരിടെയും മേലേകൂടി യാത്ര ചെയ്യുമെന്നു സ്വപ്നം കണ്ടിട്ടേയില്ല! അതിന്റെ സന്തോഷത്തിൽ കുടിച്ച ഫ്രൂട്ടിയുടെ കവർ കൃഷ്ണാ നദിയിലിട്ടതു ഏതാണ്ടു അമിതാഭ്‌ ബച്ചനെ തൊട്ട പോലൊരു സന്തോഷമായിരുന്നു!

ഞങ്ങൾ താമസിച്ചിരുന്നതു സാമാന്യം വലിയൊരു വീട്ടിലായിരുന്നു. ആ വീടിനു തൊട്ടുള്ള വീടു ഞങ്ങളുടെ സ്നേഹനിധിയായ ഓണർ 'തെലുംഗമ്മ' എന്നു ഞാൻ വിളിച്ചിരുന്ന മഞ്ജുളാന്റിയുടെതും.
ആ രണ്ടര മാസക്കാലം ഞാൻ മറക്കുകയേയില്ല!

രാവിലെ എഴുന്നേറ്റ്‌ വേപ്പിന്റെ തണ്ടുകൊണ്ടു പല്ലു തേക്കും,പിന്നെ പയറുപൊടി ഇട്ടു കുളി,അതുകഴിഞ്ഞു മുടി ഉണങ്ങിയാൽ ഒരു റിബണുമായി തെലുംഗമ്മയുടെ അടുത്തേക്കു.മുടിയുടെ അറ്റം വരെ പിന്നിക്കെട്ടി രണ്ടു സൈഡിലും ഇട്ടു, കുപ്പി വളയും മുക്കാൽ പാവാടയും ഇട്ടു അപ്പുറത്തെ വേലക്കാരിയുടെ കൂടെ മാർക്കറ്റിൽ പോകും.അതു മെയിൻ ഹോബി...
കൂൽ എന്നു ഹിന്ദിക്കാരു വിളിക്കുന്ന 'ബോറാപ്പിൾ' തിന്നു നടക്കും..പോവുന്നൊരോടൊക്കെ 'ഏമണ്ടി,ചെപ്പണ്ടി,എക്കട കെൽത്താവാ' എന്നൊക്കെ പഠിച്ചതുരുവിട്ടു ഞാൻ അവിടെ അവരുടെ കണ്ണിലെ 'കൃഷ്ണമണിയായി' എന്നു കരുതണ്ട 'കരടായി'.

ഒരു രസകരമായ കാഴ്ച അതുവഴി പോകുന്ന ഉന്തു വണ്ടി വിൽപനക്കാരികളാണു.
വിളിച്ചു പറയുന്നതു കേട്ടാൽ ഉറക്കത്തിലാണെങ്കിലും ഞാൻ പുറത്തിറങ്ങി നോക്കും.വലിയ പ്രതീക്ഷയോടെ അവർ മുറ്റത്തെത്തുമ്പോൾ "ഒദ്ദ്‌" (വേണ്ട )എന്നു പറഞ്ഞൊഴിവാക്കും. അതുകൊണ്ടു മിക്കവാറും ആ ചേച്ചിമാർ ഞങ്ങളുടെ നേർക്കു നോക്കുന്നതു പോലും നിർത്തി.
ഒരുദിവസം "കൂറ" വിൽകാൻ വന്ന ചേച്ചിയെ ഞാൻ ഓടിച്ചിട്ടു പിടിച്ചു.പിന്നെ മനസ്സിലായി ഈ കൂറ എന്നു പറഞ്ഞാൽ 'ചീര' ആണെന്നു. പിന്നെ ഞാനും അവരെപോലെ പറഞ്ഞു നടക്കും .
'ഗോംഗോ​‍ൂറാ, പച്ചക്കൂറാ,പാലക്കൂറെയ്‌'

ഒരു ദിവസം നാട്‌ തെണ്ടി നടന്ന എന്നെ അമ്മ അടിച്ചു പഞ്ചറാക്കി,
'കവാത്തിനിറങ്ങിക്കോളും,വല്ലോരും പിടിച്ചോണ്ടുപോയി തെരുവിൽ പിച്ചയ്കിരുത്തും'

ഒറ്റ നോട്ടത്തിൽ അന്നത്തെ ആ വേഷത്തിൽ ഞാൻ കൈ നീട്ടിയാൽ വല്ലോനും ചില്ലറ തന്നേനെ എന്ന്‌ പിന്നെ തോന്നിയിട്ടുണ്ടു.
അറബി മാഷെക്കാളും നന്നായി അമ്മ എന്നെ എടുത്തിട്ടു പെരുമാറിയതിന്റെ പേരിൽ ദേഷ്യം തീർക്കാൻ വിളിച്ചുകൂവി..
അതിനും കിട്ടി 'പാഞ്ഞടി'!( ഓടിച്ചിട്ടു തല്ലുക).
കേഡിത്തരം കാട്ടണമല്ലോ,
'എനിക്കു ചോറു വേണ്ടാ' ഞാൻ ഗർജിച്ചു ;
അമ്മ വിട്ടില്ല, 'വേണ്ടെങ്കിൽ കഴിക്കേണ്ടാ'

നാടു തെണ്ടി വന്ന എന്റെ വിശപ്പിനു കൈയും കാലും വച്ചിരിക്കുമ്പോഴാ എന്റെ ഈ പരിത്യാഗം എന്നോർക്കണം.
അപ്പൊ വന്നു പൂറത്തു നിന്നും വിളി.
അരഡിപണ്ഡു, സീതാവളപണ്ഡു,മാമഡിപണ്ഡൂ... എന്നു വച്ചാൽ വാഴപ്പഴം,സീതപ്പഴം,മാമ്പഴം .
എന്നർത്ഥം ഞാൻ ഇറങ്ങി ഓടി.. വെയിലത്തു തളർന്നവശയായെത്തിയ ഒരു മധ്യ വയസ്ക.നരച്ച മുടിയും കയ്യിൽ ഒരു ഗമണ്ടൻ വളയും.
വന്നപാടെ ഞങ്ങളുടെ ഉമ്മറത്തു കയറി ഇരുന്നു അവർ വീശാൻ തുടങ്ങി.പിന്നെ അകത്തോട്ടു നോക്കി അമ്മയോടു പറഞ്ഞു.
'ഇക്കട ചൂഡണ്ടി, തിന്നെക്‌ ഏൻ ഉംദി'?
എന്നു വച്ചാൽ 'നോക്കു,തിന്നാൻ എന്തുണ്ടു'? അതുകേട്ട്‌ അമ്മ അകത്തോട്ടു പോയി .
കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാൻ അവരുടെ അടുത്തു കൂടി മെല്ലെ ചോദിച്ചു.
എന്തിനാ ഇത്ര വലിയ വള ഇട്ടിരിക്കുന്നതെന്നു.
അവർ ചിരിച്ചുകൊണ്ടു പറഞ്ഞു. 'ഭർത്താവിനെ തല്ലാൻ' !!
പെണ്ണുങ്ങൾ ഭർത്താക്കന്മാരെ തല്ലും,തല്ലാം,തല്ലണം എന്ന വാസ്തവം അന്നാണു ഞാൻ അറിഞ്ഞതു,ഇതുവരെ എനിക്കതൊന്നും പ്രയോഗിക്കേണ്ടി വന്നിട്ടില്ല. എന്നാലും എന്നെകൊണ്ടതൊന്നും ചെയ്യിക്കല്ലേ മുത്തപ്പാ!

അങ്ങനെ കുശലം പറഞ്ഞിരിക്കുമ്പോൾ ദാ അമ്മ വരുന്നു ഒരു പ്ലെയിറ്റ്‌ നിറയെ ചോറും പൊരിച്ച മീനും,സാംബാറും, തോരനുമൊക്കെ ആയിട്ടു.അതു അവർകു കൊടുത്തതും എല്ലാം കൂടി കൂട്ടി ഒരു ചെലുത്തലായിരുന്നു പിന്നീടു കണ്ടതു.വിശപ്പിന്റെയും ക്ഷീണത്തിന്റെയും വിളിയിൽ ഞാൻ അടുത്തിരിക്കുന്നതു പോലും ശ്രദ്ധിക്കാതെ അവർ വാരി വലിച്ചു തിന്നു. ഇതു കണ്ടു കൊതി മൂത്ത്‌ ഏതാണ്ടു സമാന അദ്ധ്വാനവും കഴിഞ്ഞു വന്ന ഞാൻ വീണ്ടും അമ്മയോടു ഗർജിച്ചു.
'അമ്മേ എനിക്കും ചോറു താ'!!
അമ്മ പറഞ്ഞു "നിന്റെ ചോറാണു അവർ തിന്നതു,വേണ്ടെന്നല്ലേ പറഞ്ഞതു"!
ഹൊ! ആരെ കൊല്ലണം എന്നു തോന്നിപോയി! അവരെന്നെ നോക്കി ഏമ്പക്കം ഇട്ടു എണീറ്റപ്പോൾ എനിക്കു സഹിച്ചില്ല.പ്രതികാരത്തിനു കുട്ടയിൽ നിന്നും രണ്ടു സീതാവളപണ്ഡു ഞാൻ എടുത്തു അവരെ കൊഞ്ഞനം കാട്ടി. അകത്തിരുന്നു തിന്നുമ്പോൾ അമ്മ ചോദിക്കുന്നതു കേട്ടു. 'ഇതി യെറ്റ്ല'? രണ്ടു സീതപ്പഴത്തിനു എന്തു വില എന്നു!!! എന്തായാലും അതോടെ ഭക്ഷണത്തിനു മുന്നിൽ കാണിച്ചു കൊണ്ടിരുന്ന പിടി വാശികൾക്ക്‌ അറുതിയായി!!!

Saturday, May 9, 2009

ഒരു കടി അമ്മിണിയ്കു!

പേരിലെന്തിരിക്കുന്നു എന്നു പണ്ടാരാണ്ടു ചോദിച്ചിട്ടുണ്ടു? പ്രത്യേകിച്ചൊന്നുമില്ലെന്നു പാശ്ചാത്യരും വിശ്വസിച്ചു.അതുകൊണ്ടു തന്നെ സ്റ്റോൺ ,ബ്രിക്‌ വാട്ടർ, ട്രീ , ഹോം എന്നൊക്കെ കുട്ടികൾക്കു പേരിടാൻ അവിടുത്തെ അച്ഛ്ൻ അമ്മമാർകു ഒരു മടിയുമില്ലാ.

അച്ഛന്റെ പേരു ആർക്കറിയാ എന്നും മകന്റെ പേരു എനിക്കറിയാ എന്നും മിമിക്രിക്കാരു പറയുമ്പോലെ അച്ഛന്റെ പേരു റൂട്ട്‌ എന്നാണെങ്കിൽ മകന്റെയോ മകളുടെയോ പേരു ഫ്രൂട്ട്‌ ആകുന്നതിലും തെറ്റൊന്നുമില്ലെന്നു പാശ്ചാത്യർ വിശ്വസിക്കുന്നൂ.

നമ്മുടെ നാട്ടിൽ പേരുകൾക്കു പുറകിൽ വിശ്വാസങ്ങളുണ്ടു എന്നു വച്ചാൽ അന്ധ വിശ്വാസങ്ങളുമുണ്ടു. ഇവിടെ കുട്ടികൾകു കല്ല്‌ ഇഷ്ടിക,വെള്ളം എന്നിങ്ങനെ പേരുകൾ എല്ലുകളുടെ എണ്ണം നോർമലായ പാരന്റ്സ്‌ ഇടുമോ.ഏതായാലും എന്റെ അറിവിലില്ലാ.
ഹാ!പക്ഷെ ഉണ്ടു ഒരു അർഥവുമില്ലാത്ത പേരുകൾ; അതിൽ നമ്മൾ തന്നെ മിടുക്കർ. അച്ഛന്റെം അമ്മയുടെയും പേരുകളിലെ ആദ്യാക്ഷരം, കോമ്മണായ അക്ഷരം അങ്ങനെയൊക്കെ!
അച്ഛൻ സാംബശിവനും അമ്മ വിമലയുമെങ്കിൽ പേരു 'സാവി'...
അച്ഛൻ കൃഷ്ണനും അമ്മ മിനിയുമാകുമ്പോൾ പ്രത്യേകിച്ചു ലിംഗഭേദം ഒന്നുമില്ലാതെ ഇത്തരത്തിൽ പേരിടാം.
വെറൊരു പ്രവണതയുണ്ടു.പശുക്കൾകും മറ്റു വളർത്തു മൃഗങ്ങൾകുമൊക്കെ നമ്മൾ തിരഞ്ഞെടുക്കുന്ന പേരുകൾ' ആളാണൊ ആടാണൊ' എന്നു സംശയം ബാക്കി വച്ചു തന്നെ.
വീട്ടിൽ പപ്പ മമ്മി ചേട്ടൻ പിന്നെ മഞ്ചുവും മാധവിയും എന്നു പറയുമ്പോൾ സ്വാഭാവികമായും തോന്നിയേക്കാം കസിൻസ്‌ അല്ലെങ്കിൽ സിസ്റ്റർസ്‌ ഇനി അതുമല്ലെങ്കിൽ 'മെയിഡ്സ്‌'..! എങ്കിൽ തെറ്റി!!!

അതു രണ്ടും ഏതോ "നായീന്റെ മക്കൾ ആണു" വീട്ടിലെ പെറ്റ്സ്‌ ,യു നോ !

മകന്റെ പേരു ജിഗു എന്നായിരിക്കാം എന്നിരുന്നാലും പൂച്ചയുടെയോ പട്ടിയുടെയോ പേരു "കാർത്തിക, മണി, അനാർകലി എന്നൊക്കെയും!

പേരിൽ തെറ്റിധാരണ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളും ഉണ്ട്‌. പ്രത്യേകിച്ചു മലയാളികൾക്ക്‌. പേരിന്റെ കൂടെ വീട്ടുപേരോ അച്ഛന്റെ പേരോ കുലത്തിന്റെ പേരോ അല്ലാതെ, നാട്ടുപേരു,ജില്ലാ പേരു ബിരുദ പേരു ഇതും സാധാരണയായി കണ്ടു വരാറുണ്ടു.
ചന്ദ്രൻ തറയില്‍ , മണിയൻ കുഴിയില്‍ എന്നൊക്കെ.

പണ്ടൊക്കെ സ്ത്രീകളും വച്ചിരുന്നു ഇങ്ങനെ വാലും തലയുമായി സ്ഥലപേരുകൾ. പ്രത്യേകിച്ചും സിനിമാ രംഗത്തുള്ളവർ. ആ പേരു എടുത്തു പറയേണ്ടല്ലോ!

എന്നാലിന്നു ട്രെൻഡ്‌ മാറി .എന്തിനും ഏതിനും അശ്ലീല ചുവ കാണാനാണു ആളുകൾക്കു താൽപര്യം.എന്തുപറഞ്ഞാലും ഡബിൾ മീനിങ്ങും ചിരി വിഴുങ്ങലും. ആലപ്പുഴ വസന്ത എന്നോ ജാനകി പൂന്തുറ എന്നോ ഇട്ടാൽ "അതേതാടാ സംഭവം, മറ്റേതാണൊ..പേരുകേട്ടിട്ട്‌.." എന്നാവാം റെസ്പോൺസ്‌.

അങ്ങനെ ഒരനുഭവം എനിക്കുണ്ടായി. ഒരിക്കൽ ഷൂട്ടിങ്ങിനിടയിൽ
"അവൾ കൊള്ളാം,നല്ല അനുസരണയും എടുപ്പും കുസൃതിയും,അവൾ ആളുകളെ നന്നായി രസിപ്പിക്കും എന്നൊക്കെ എന്റെ സുഹൃത്തു പറഞ്ഞുകൊണ്ടിരിക്കെ ഒരുത്തൻ ഇടയ്കു കയറി ചോദിച്ചു.

'ഏതാടാ ആ ചരക്കു?'

അന്തം വിട്ട ഞങ്ങൾ പരസ്പരം നോക്കി നിൽകെ അയാൾ ചോദിച്ചു
" എന്താണവളുടെ പേരു?"
ഞാൻ പറഞ്ഞു ,"കോടനാട്‌ സുനിത".

അടുത്ത ചോദ്യം വന്നു " ഹൊ പേരുകേട്ടിട്ടു ചെറുപ്പക്കാരിയാണെന്നു തോന്നുന്നു.. നംബരുണ്ടൊ?"
അപ്പൊഴാണെനിക്കു കാര്യം പിടികിട്ടിയത്‌. പിന്നെ മടിച്ചില്ല ഞാൻ കൊടുത്തു പാപ്പാന്റെ നംബർ (വിളിച്ചു കാണുമായിരിക്കും!!).

അതെ,പൊതുവെ ആനകൾക്കു മനുഷ്യന്റെ പേരും സ്ഥലപേരും ഇടുക പതിവാണല്ലോ!

വീ ഹെൽപ്‌ ഏജൻസി നടത്തിയ ജഗതിയുടെ കഥാപാത്രത്തെ ഓർക്കാതെ വയ്യ!

കത്രീനയും, ഫ്രീഡയും ,റീത്തയും അമേരിക്കയിൽ കൊടുങ്കാറ്റായി എത്തിയപ്പോൾ മല്ലികയും അമ്മിണിയും ഇത്തവണത്തെ സീസണിൽ കേരളത്തിൽ എത്തിയതു മൽഗോവയെയും അൽഫോൻസയെയും തോൽപിച്ച മധുര മാമ്പഴ സുന്ദരികൾ ആയാണു.

അങ്ങനെ ഇത്രയും നാൾ ദൂരത്തു നിന്നു കണ്ടും കൊതിച്ചും കല്ലെറിഞ്ഞവർക്കും അമ്മിണിയെ കയ്യിലെടുത്തു കൊതിയോടെ കടിക്കാനുമായി!!!

Sunday, April 26, 2009

മുങ്ങാനായി നീന്തിയപ്പോള്‍

എന്നെ പരിചയപെടുത്താം, ഞാൻ ഒരു മുങ്ങൽ വിദഗ്ധയാണു.വെള്ളത്തിൽ ഇറങ്ങി നീന്തിയപ്പോഴൊക്കെ മുങ്ങിയിട്ടുണ്ട്‌...ധാരാളം വെള്ളം ആ വഴിക്കു കുടിച്ചിട്ടുണ്ട്‌.അതുകൊണ്ടു തന്നെ വിമാനം കടലിന്റെ മീതെ പറന്നാലും, ട്രെയ്ൻ പാലത്തിന്റെ മുകളിൽ എത്തുമ്പോഴും, എന്തിനു നന്നായി ഒന്നു മഴ പെയ്താൽപോലും ഞാൻ എന്റെ വൈദഗ്ധ്യത്തെകുറിച്ചു ഓർകും...അക്കാര്യത്തിൽ അപാര കോൺഫിടെൻസും ആണുട്ടൊ!

നീന്തലുമായി വെള്ളം കുടിച്ച കഥകൾ ഉണ്ടെങ്കിലും നീന്തൽ പഠിത്തം നിർത്തിയതിന്റെ പേരിൽ ഒരു സംഭവമുണ്ടു!
എന്റെ അമ്മ നാട്ടിൽ ആ ഏരിയയിലെ മികച്ച നീന്തൽ പരിശീലക ആണു..മുട്ടയിൽ നിന്നു പൊട്ടിവരാത്ത പൈതങ്ങൾ തുടങ്ങി 25 വസ്സുള്ള പെൺകുട്ടികളെ വരെ തറവാട്ടു കുളത്തിൽ നീന്തൽ പഠിപ്പിച്ച പാരമ്പര്യവുമുണ്ട്‌.ആ ധൈര്യത്തിൽ ആണു ഒരു അവധിക്കാലത്തു നീന്തൽ മോഹവുമായി ഞാൻ കുളത്തിൽ ഇറങ്ങുന്നത്‌.
വാഴത്തടി ചരടിട്ടു കെട്ടി പൂട്ടി നീറ്റിലിറക്കൽ,പൊള്ളത്തേങ്ങ കഴുത്തിൽ കെട്ടിത്തൂക്കിയും,ചെറിയകുട്ടികളെ കയ്യിൽ താങ്ങിയും അമ്മയും ശിഷ്യരും വെള്ളത്തിൽ ആർത്തുള്ളസിച്ചിരിക്കുന്നതു കണ്ടു സഹിച്ചില്ല..പോരാഞ്ഞു തറവാട്ടിൽ ഒരു കിടിലൻ കുളമുണ്ടായിട്ടു നീന്താൻ പഠിച്ചില്ലെങ്കിൽ അതിന്റെ നാണക്കേട്‌ എനിയ്ക്കല്ലേ.അങ്ങനെ എന്റെ പത്താമത്തെ വയ്സ്സിൽ ഞാൻ നീന്താൻ ഒരുമ്പിട്ടിറങ്ങി!

വെള്ളത്തിൽ ഇറങ്ങും വരെ ഇതെത്ര 'സിമ്പിൾ'!
ഇറങ്ങിയപ്പോൾ മനസ്സിലായി എന്നെ താങ്ങാനുള്ള കെൽപ്‌ വെള്ളത്തിനില്ല എന്ന്‌! എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ടു കയറാം എന്നും പറഞ്ഞു അമ്മയ്‌കു രണ്ടു ഡയലോഗ്‌ ദക്ഷിണ വച്ചു പഠിച്ചുതുടങ്ങി. മൂന്നു ദിവസങ്ങൾ ഗംഭീര പ്രകടനങ്ങൾ വെള്ളത്തിൽ കാഴ്ച്ച വച്ചു അമ്മയെ പ്രീതിപെടുത്തി.അമ്മയുടെ സെർറ്റിഫികെറ്റും കിട്ടി;

'നീ എന്റെ മകൾ തന്നെ പെട്ടെന്നു പഠിച്ചു'

അമ്മ ആദ്യമായി നീന്തിയ കഥ നാട്ടിൽ ഫ്ലാഷ്‌ ആണു.
പണ്ട്‌ പണ്ട്‌ അഞ്ചാം വയസ്സിൽ കുരുത്തം കെട്ട ഒരുകൂട്ടുകാരൻ വെള്ളത്തിൽ അമ്മയെ തള്ളിയിട്ടു, അമ്മ നീന്തി കരയ്‌കു കയറി അവന്റെ കരണത്തടിച്ചു.
ആ അമ്മയുടെ സേർറ്റിഫികെറ്റിന്റെ വാല്യു പറയേണ്ടല്ലോ സന്തോഷം പറഞ്ഞറിയിക്കണോ! അൽപം കോൺഫിടെൻസും ഓവർ ആയീന്നു കൂട്ടിക്കോ!

പിറ്റേന്നു നട്ടുച്ചയ്‌കു വീണ്ടും നീന്താൻ ഇറങ്ങി.അന്നു ഒരു ഞായറാഴ്ചയായിരുന്നു.കസിൻസൊക്കെ വെള്ളത്തിൽ ഇറങ്ങി എന്റെ നീന്തൽ പ്രകടനങ്ങൾകു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടിരുന്നു...ഒരു കോട്ടൺ സാരീയെടുത്തു അമ്മ എന്റെ അരയ്‌കു ചുറ്റി എന്നിട്ടു പറഞ്ഞു 'നീ ഒറ്റയ്‌കു നീന്തി നോക്കു ഞാനീ സാരീടെ ഇങ്ങേ തുമ്പിൽ പിടിച്ചിട്ടുണ്ടു എങ്ങാനും മുങ്ങിയാൽ വലിച്ചു സഹായിക്കും'...

ധൈര്യം ഇല്ലയിരുന്നെങ്കിലും മലർന്നും കമിഴ്‌ന്നും നീന്തുന്ന കസിൻസിന്റെ മുന്നിൽ ചമ്മരുതല്ലോ !ഒ.കെ. പറഞ്ഞു ഞാൻ നീന്താൻ തുടങ്ങി...അസ്സലായി നീന്തിയെന്നെ!..ആറുമുഴം സാരീയിൽ എന്നെ അമ്മ താങ്ങുന്നുണ്ടല്ലോ..ഞാൻ നീന്തുന്നതിനനുസരിച്ചു അമ്മ സാരീയുടെ പിടി വിടും അങ്ങനെ ഞാൻ മറുകര കണ്ടു കൈയ്യടി നേടി..മൈകെൽ ഫെൽപ്സ്‌ തോറ്റുപോകും..അത്ര ഗംഭീരം.
അമ്മ വിളിച്ചു പറഞ്ഞു

'തിരിച്ചിങ്ങോട്ടും വാ'

ഞാൻ ആ കര വിട്ടു നീന്തി അമ്മയെ നോക്കി വിജയീ ഭാവത്തിൽ ഒന്നു ചിരിച്ചു കൊണ്ടു തലയുയർത്തി നോക്കിയപ്പോൾ!!!!!
ഞെട്ടിപ്പോയീ;

അമ്മയുടെ കയ്യിൽ സാരീ ഇല്ലാ!

പത്തുകിലോ ഭാരമുള്ള കല്ലു എന്റെ ദേഹത്തു പിടിപ്പിച്ചതുപോലെ തോന്നി!!
ഞാൻ നീന്തിക്കൊണ്ടേയിരുന്നു പക്ഷെ അതു ജലോപരിതലത്തിൽ നിന്നു രണ്ടു രണ്ടര മീറ്റർ താഴ്ചയിലാണെന്നു മാത്രം! രണ്ട്‌ ലിറ്റർ വെള്ളം അന്നാദ്യമായി ഒറ്റയടിക്കു കുടിച്ചു. വെള്ളത്തിനടിയിൽ കണ്ണു തുറന്നു നോക്കീട്ടുണ്ടൊ..ഒന്നും കാണില്ലാന്നു അന്നു മനസ്സിലായി.ചെവിയും കേൾക്കില്ല...ആക്ചുലി 'ശ്വസിക്കാനും' പറ്റില്ലാ കേട്ടൊ.

കണ്ടുകൊണ്ടിരുന്ന കസിൻ ഒരു സബ്മറൈൻ പോലെ വന്നു എന്നെ തൂക്കിയെടുത്തു മേലേക്കു വന്നു..എന്റെ മേലേ ഒരു റീത്തു വന്നു വീണു..അല്ല ഒരു ടയർ ട്യൂബ്‌ വന്നു വീണു.അതിൽ കെട്ടിപിടിച്ചു കരയിലെത്തി.. ഈ കരയിലെത്തി എന്നൊക്കെ കേൾക്കുമ്പോൾ ഒരു പത്തമ്പതു മീറ്റർ ചുറ്റളവൊന്നും കുളത്തിനു പ്രതീക്ഷിക്കണ്ടാട്ടോ..
ആകെ 2 സെന്റ്‌ സ്ഥലത്താ കുളം.

കുടിച്ച വെള്ളം കുടവയർ കമിഴ്ത്തി ശ്വാസം നേരെ വീണപ്പോൾ ആകെ നനഞ്ഞു ചളിപുരണ്ടു അമ്മ നിൽകുന്നു.
ഞാൻ അമ്മയോടു ചീറ്റീ... 'എന്നെ കൊല്ലാനായിരുന്നല്ലേ പ്ലാൻ? '

അമ്മ പറഞ്ഞു. "പിന്നെ.. കൊല്ലാനായിരുന്നെങ്കിൽ ഇത്രേം വളർത്തേണ്ടിയിരുന്നോ കഴിഞ്ഞ പത്തിരുപതു വർഷത്തിൽ ഇതാദ്യായിട്ടാ ഇങ്ങനൊരു മന്ദബുദ്ധിയെ പഠിപ്പിക്കേണ്ടി വന്നതു,ചക്ക വെട്ടിയിട്ട കണക്കു നിന്നാൽ മുങ്ങില്ലേ "

അതോടെ നീന്തൽ പഠനം മുടങ്ങി.

എന്റെ മുങ്ങൽ സംഭവങ്ങൾ മിമിക്രിയിലൂടെയും മോണോ ആക്റ്റിലൂടെയും നാട്ടിലാകമാനം പ്രചരിച്ചു? ഒന്നു സമാധാനിപ്പിക്കേണ്ടിടത്തു അമ്മ ചൂടായതെന്തിനാവാം എന്നതിനു ഒരാഴ്ച കഴിഞ്ഞാണു ഉത്തരം കിട്ടിയതു.

ഞാൻ മുങ്ങിയതു കണ്ടപ്പോൾ കുളത്തിലേക്കു എടുത്തു ചാടാൻ നിന്ന അമ്മയുടെ കാലു പായലിൽ കുരുങ്ങി അമ്മയും മുങ്ങിയത്രേ..അതേ കുളത്തിൽ!!!

Saturday, April 4, 2009

ഈ പ്രധാനമന്ത്രി കേരളത്തിലെയാ!

എന്റെ കൊച്ചു ബ്ലോഗിനു ഒരു പ്രോമോഷൻ ആയിക്കോട്ടെ എന്നു കരുതി ഒരു കുരുത്തം കെട്ട വിത്തിനു ഒരു സന്ദേശം കൊടുത്തുപോയതാ ഇപ്പൊ എന്നെ കൊണ്ടു ഇതു ചെയ്യിക്കുന്നേ! ബ്ലോഗ്‌ വായിക്കണേ എന്നു പറഞ്ഞ (ദേഷ്യത്തിനു)തിനു അടുത്ത വിഷയം 'അംഗമാലീലെ പ്രധാനമന്ത്രി ആയിക്കൊട്ടെ എന്നു ആ വിരുതൻ!

ഒരു സിനിമയിൽ കലാഭവൻ മണി, "കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പൊഴാ ചാണകം വാരീല്ലല്ലോ എന്നോർത്തത്‌' എന്നു പറഞ്ഞപോലെ, പ്രധാനമന്ത്രിയുടെ കാര്യം പറഞ്ഞപ്പോഴാ വല്ല്യമ്മച്ചീടെ കാര്യം എനിക്ക് ഓർമ വന്നത്‌.

ഇതൊരു 'കുട്ടിങ്ങും ഷേവിങ്ങും' ജോക്സ്‌ കറ്റോഗോരിയിൽ പെടുത്താവുന്ന സംഭവമാണു കേട്ടോ!

ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ തലേന്നു രാത്രി നോക്കി വച്ച ഫോട്ടൊ ആൽബം എടുത്തു വച്ചു കാര്യമായി പരിശോധിക്കുകയാണ് വല്യമ്മച്ചി. . ത്രീ ഡി കണ്ണടയും വച്ചു പുരികവും ചുളിച്ച്‌ ആൽബം മൂക്കിനു താഴെ പിടിച്ച്‌ സസൂക്ഷ്മം നോക്കുന്നതു കൗതുകം ഉണർത്തി! കാര്യം എന്താണെന്നു അന്വേഷിച്ചപ്പോൾ വളരെ ഗൗരവത്തിൽ ചോദിച്ചു .

'മൊളേ ,അല്ല ഇതു അച്ചു മേനോൻ അല്ലേ? മോളുടെ ആൽബത്തിൽ.'

ഞാൻ ഒരു നിമിഷം കുടുംബത്തിലെ ഒരോരുത്തരുടെയും പേരുകൾ ട്രേസ്‌ ചെയ്തോരുത്തരം കണ്ടെത്താന്‍ ശ്രമിച്ചു!
ഏതു അച്ചു മേനോൻ?

അങ്ങനോരാൾ ഞാനറിയാതെ!അതും ഞാൻ ക്ലിക്‌ ചെയ്ത ഫോട്ടൊയിൽ എങ്ങനെ കയറിക്കൂടീ എന്നായി ആലോചന.

ഞാൻ ആൽബത്തിലേക്കു എത്തി വലിഞ്ഞു നോക്കുന്നതിനിടയിൽ ആൽബം കൊട്ടിയടച്ചു അടുക്കളയിലേക്കു പോയിക്കൊണ്ടു വല്യമ്മച്ചി പറഞ്ഞു 'നമ്മുടെ അച്ചുത മേനോൻ,കേരളത്തിലെ ഏറ്റവും വല്ല്യ ആൾ..നമ്മുടെ പ്രധാനമന്ത്രി !!

ശവം! ജീവിച്ചിരിപ്പുണ്ട് !

ജേഡ്‌ ഗുഡിയ്ക്ക്‌ അങ്ങനെ ഒരാഗ്രഹം തോന്നിയതിൽ വലിയ അതിശയം തോന്നിയില്ല!

ക്യാമറയ്ക്ക്‌ മുന്നിൽ മരിക്കണമെന്നു ആഗ്രഹിച്ചത്‌ ഒരുപക്ഷെ ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നു അവർക്കു തോന്നിയിട്ടാകണം!

പാവം ജേഡിന്റെ ആഗ്രഹത്തിൽ തെറ്റു തോന്നാത്തത്‌ ചിലപ്പോൾ എന്റെ ആഗ്രഹം ' അതിക്രമം" ആയതുകൊണ്ടാവാം!!!

മരിച്ചതിനു ശേഷം എന്നെ 'അങ്ങോട്ടു' കെട്ടിയെടുക്കും മുൻപു എന്റെ ശവത്തെ ഒന്നു കാണുക,റീത്തുകൾ എണ്ണുക.വാർത്തകളിൽ കേൾക്കുമ്പോലെ 'സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള നിരവധി പേർ' പങ്കെടുക്കുന്നത്‌ മാറി നിന്നു വീക്ഷിക്കുക!
ഹോ ! എന്ത്‌ രസമായിരിക്കും!

ഒരിക്കൽ കുട്ടിക്കാലത്ത്‌ ഈ ആഗ്രഹം അമ്മയോട്‌ പറഞ്ഞതായി ഓർക്കുന്നു.കിടക്കാൻ നേരത്തായതുകൊണ്ടു അമ്മ പറഞ്ഞു. "അതുമിതും ചിന്തിക്കാതെ നമ:ശിവായ ചൊല്ലി കിടക്കാൻ "

എന്നുവച്ചു ഈ അഗ്രഹംവേണ്ടാന്നു വയ്ക്കാൻ പറ്റുമോ?

ഒരിക്കൽ അത്‌ സ്ംഭവിച്ചു!
ഞാൻ അവസാന ശ്വാസത്തിനായി ആഞ്ഞു വലിക്കുന്നു...ചുറ്റിലുമുള്ളവർ നിശ്ശ്ബ്ദമായി 'ഇപ്പൊ തട്ടിപ്പോകും' എന്നു പ്രതീക്ഷിച്ചു നിൽക്കുന്നു. സിനിമയിൽ കാണുമ്പോലെ തല ചരിച്ചിട്ടു ഞാൻ മരിക്കുന്നു.
കുട്ടിക്കാലത്ത്‌ ഒരു ശവം പോലും കണ്ടിട്ടില്ലാതിരുന്ന സമയത്ത്‌ കൃഷ്ണമണി ഉയർത്തി നാക്കു നീട്ടിയാൽ ശവമായീന്നാ വിചാരിച്ചിരുന്നത്‌.പിന്നീട്‌ അതോർത്തു കഷ്ടം തോന്നി!

'പോയല്ലോ ' എന്ന് തൊണ്ട പൊട്ടി ആരൊക്കെയോ കരയുന്നുണ്ട്‌..അതിൽ അമ്മയെ കണ്ടപ്പോൾ എനിക്കു ശ്വാസം മുട്ടി.കേട്ടോ!

'പോയല്ലോ! ആശ്വാസമായി' എന്നു സമാധാനിച്ചു നിൽക്കുന്നവരെയും കണ്ടു! കൊച്ചു കള്ളന്മാർ!
റീത്തു വച്ചവരുടെ മുഖത്തു ഒരു സങ്കടവുമില്ലേ!!!

മൂക്കിൽ പഞ്ഞി വച്ചതുകൊണ്ടു മര്യാദയ്കു ശ്വസിക്കാനും മേല ശവത്തിനു!

ഒരു ടെന്റ്‌ കെട്ടിയിട്ടിട്ടുണ്ടു പൊതു ദർശനത്തിനു വച്ചപ്പോൾ. ശവം വെയിലടിച്ചു കറുത്താലോ...മഴയത്തു നനഞ്ഞാലോ എന്നു കരുതിയിട്ടാവണം പേരിനു ഒരു മറ!

എന്റെ ശവത്തിനു ഒരു കാര്യം തീരെ പിടിച്ചില്ല..ചില ആളുകൾ 'പൊത്തോന്നും'പറഞ്ഞ്‌ ഒരു വീഴ്ച്ചയാണു ശവത്തിനുമേൽ. ഹൊ ശവമാണെന്ന കൺസിടറേഷൻ പോലും ഇല്ലതെ!ഭാരം സഹിക്കാൻ പറ്റണ്ടേ!

മൂടിപ്പൊതിഞ്ഞു വച്ചിട്ടു ചൂടും അലർജിയും.

ഇതൊന്നും ജീവിച്ചിരിക്കുന്നോർക്ക്‌ പറഞ്ഞാൽ മനസ്സിലാവുമോ? അതുമില്ല!

ഏറ്റവും വല്യ രസം മറ്റൊന്നായിരുന്നു. പുഷ്പക വിമാനം സിനിമയിൽ ശവദർശനത്തിനു ഓരോരുത്തന്റെ ടേൺ വരുമ്പോൾ കാണിക്കുന്ന 'വിലാപകൗതുകങ്ങൾ'പോലെ ചില നേരമ്പോക്കികൾ ശവത്തിന്റെ അടുത്തെത്താറാകുമ്പോൾ മാത്രം നിലവിളിച്ചു!

അങ്ങനെ ഒരുത്തൻ വാവിട്ടു കരഞ്ഞ്‌ ടെന്റിനു കുഴിച്ചു നാട്ടിയിരുന്ന മുളയിൽ തലയിടിച്ചു വിഷമിക്കാൻ തുടങ്ങി.അപ്പൊ ദാ അവിടുന്നും ഇവിടുന്നും ഓരോ കമന്റ്‌ 'ലവൻ ലവളുടെ ലവറാ?'

അയാളുടെ കയ്യീന്നു ഒരു ലക്ഷത്തി ചില്വാനം കടം വാങ്ങീട്ടുണ്ടെന്നു ശവത്തിനല്ലേ അറിയൂ. അയാളുടെ വിഷമത്തിന്റെ ശക്തി ഇത്രയും ആരും പ്രതീക്ഷിച്ചില്ല, ശവമടക്കം ആരും!തലയിട്ടിടിച്ചു മുള കുലുങ്ങി പിന്നെ ഒടിഞ്ഞു!

ശവത്തിന്റെ ഒരു മീറ്റർ അകലെ വരെ നിന്ന ആളുകൾ ശവമാകാതിരിക്കാൻ പുറത്തേക്ക്‌ ഓടി രക്ഷപ്പെട്ടു. എന്റെ ശവമൊഴിച്ചു എല്ലാരും എസ്കേപ്ഡ്‌!!!

ചത്താലും ഗതിപിടിക്കില്ലെന്നു വച്ചാൽ!!!

ആ ടെന്റൊടിഞ്ഞു എന്റെ ശവത്തിന്റെ മേലേക്കു വീണു.

അയ്യോ!എന്താ ഭാരം!രക്ഷപെടാനായി ശവം ആവതു ശ്രമിച്ചു;കാലിട്ടിടിച്ചു ,കൈകളുയർത്തി, അടുത്തുള്ളതെല്ലാം തട്ടിമാറ്റി.മൂക്കിൽ വച്ച പഞ്ഞി ദൂരെ എറിഞ്ഞു.രക്ഷിക്കണേന്നു അലറി!

രണ്ടു സെകൻഡ്‌ കഴിഞ്ഞുകാണും ശവത്തിന്റെ...അല്ല എന്റെ മുഖത്തു ഏതാണ്ടു ചെവിക്കുറ്റിയ്കു സമീപത്തായി ഒരടി വീണു. ഞാൻ കണ്ണു തുറന്നു നോക്കി. എന്റെ അടുത്തു കിടന്നുറങ്ങി എന്ന ഒറ്റ തെറ്റു കാരണം കട്ടിലിൽ നിന്നു താഴെ വീണ എന്റെ അരുമ സഹോദരൻ മുഖത്തു നോക്കി വിളിച്ചു!

ശവം!!! ഒറങ്ങാനും സമ്മതിക്കൂലേ!!!

Thursday, April 2, 2009

മൊത്തത്തില്‍ സംശയം!

അതെയ്‌ ഞാൻ പോവുന്നു!

എങ്ങോട്ട്‌?

സിനിമയ്കു!

ആരൊപ്പം?

ഒറ്റയ്ക്‌!

എന്തിനു?വായനോക്കികൾകു കണ്ടു രസിക്കാണോ?

ഹൊ! അതൊക്കെ പതിവല്ലേ!

ഓഹോ!അപ്പൊ നീ ഇതിനു മുൻപും ഒറ്റയ്കു പോയിട്ടുണ്ടു?

അല്ലാ, ഞാനൊരു ട്രെൻഡ്‌ പറഞ്ഞെന്നേ ഉള്ളൂ!

അല്ല, നീ പോയിട്ടുണ്ടു!

ഇല്ല, നിന്നാണെ സത്യം ഞാൻ പോയിട്ടില്ലാ!

എങ്കിൽ ഇപ്പൊ ഒറ്റയ്കു പോവനമെന്നു തോന്നാൻ എവിടുന്നു കിട്ടി ഈ ധൈര്യം?

അതുപിന്നെ ഞാൻ പെട്ടെന്നങ്ങു തീരുമാനിച്ചു!

പെട്ടന്നങ്ങു തീരുമാനിക്കാൻ മാത്രം നീ വളർന്നോ?

എന്താ വളർന്നെന്നു കണ്ടിട്ടു തോന്നുന്നില്ലേ?

ഹും വളർന്നു വളർന്നു!പോത്തുപോലെ!

പിന്നെന്താ?

അതാണു പ്രശ്നം!

എന്ത്‌?

നീ വളർന്നത്‌!

അതിനെന്തു പ്രശ്നം?

ഒറ്റയ്കു പോയിട്ടു വല്ലോനും ശല്യപെടുത്തീന്നും പറഞ്ഞിങ്ങോട്ടു വാ!

അയ്യോ! ഒറ്റയ്കു പോയാൽ അങ്ങനെയൊക്കെ ഉണ്ടാവു‍ാ?

പിന്നെ ഇല്ലാതെ!

അപ്പൊ..ഒറ്റയ്കു പോയിട്ടുണ്ടല്ലേ?

ഇല്ലാ...അല്ലാ...അതു പറഞ്ഞു കേട്ടിടുണ്ട്‌!

ആരു പറഞ്ഞ്‌?

എന്റെ കൂട്ടുകാരികൾ1!

ഓഹോ!അപ്പൊ നിനക്കു ഞാനരിയാത്ത കൂട്ടുകാരികൾ ഉണ്ടല്ലേ?

ഏയ്‌, അങ്ങനൊന്നുമില്ലാ..ഞാൻ പറഞ്ഞിട്ടില്ലേ അവരെയൊക്കെ പറ്റി?

എപ്പൊ പറഞ്ഞു?

ഹ!അതു നീ ഓർകാത്തതുകൊണ്ടാ!

കുന്തം!

അയ്യോ പിണങ്ങല്ലേ,നീ പോയ്കോ!

എങ്ങോട്ട്‌?

സിനിമയ്കു പോവണ്ടേ?

ഒറ്റയ്കോ?

ങെഹ്‌?!! അതെ!

എന്നിട്ട്‌ വേണം വായനോക്കികൾക്‌ കണ്ട്‌ രസിക്കൻ!

അതല്ലേ ഞാൻ ആദ്യം പറഞ്ഞതു?

ഒ‍ാഹ്‌!എന്നെ ഇപ്പം ആരെങ്കിലും ടീസെ ചെയ്താൽ തന്നെ നിനക്കൊന്നും ഇല്ലാലോ?

ആഹ്‌!എനിക്കൊന്നൂല്യാ!

അപ്പൊ നിനക്കു ഞാൻ വിഷമിക്കുന്നതു കാണാനാണല്ലേ ഇഷ്ടം?

ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലാ!

പിന്നെന്താ ഉദ്ദേശിച്ചതു?

നീ ഒറ്റയ്ക്‌ പോവണ്ടാ അതാ നല്ലത്‌!

എന്നാൽ നീയും വാ!

എന്നിട്ടു വേണം?

എന്തോന്ന്?

എന്നെ ശല്യപ്പെടുത്തുന്നതു കണ്ടോണ്ടിരിക്കാൻ!

അയ്യേ ഞാനാ ടൈപ്‌ അല്ലാ!

ഏതു ടൈപ്‌?

നീ ഉദ്ദേശിച്ച ടൈപ്‌!

ഓഹ്‌! ഞാനൊന്നും ഉദ്ദേശിച്ചില്ലേയ്‌!

എന്നാൽ വേഗം റെഡി ആവ്‌!

ഏതാ സിനിമാ?

ലവ്‌ ഇൻ സിങ്ങപോർ!

എന്ത്‌? ഞാൻ നിന്നോട്‌ എന്തു തെറ്റാ ചെയ്തതു? അല്ലെങ്കിലും നിനക്കെൻണ്ട്‌ എന്തോ ഒരു
വൈരാഗ്യം ഉണ്ടെന്നു തോന്നിയിരുന്നു!എന്തായാലും ഇതു കൂടിപോയി!

സോറി...നമുക്കു വേരെ ഏതെങ്കിലും സിനിമയ്കു പോവാം!നീ അടങ്ങ്‌!

ശരി! എത്ര മണിക്കാ?

3 മണിക്ക്‌!

ഇപ്പൊ എത്രയായി സമയം?

അയ്യോ!!ഓള്രെഡി മൂന്നരയായി!

Tuesday, March 31, 2009

ബാ..ബാ.. ഒബാമാ!!

ബാ ബാ ബാക്സി
ഹാബു അനി ബൂ
യെഷാ യെഷാ
തീ ബാ ഭൂ


മായയല്ല മന്ത്രമല്ല മാജിക്കല്ല !!
എന്റെ കുഞ്ഞിനെ നോക്കുന്ന സ്നേഹ സംബന്നയായ വല്യമ്മച്ചി രചിച്ചു ഈണം കൊടുത്ത നഴ്സറി റൈം ആണു.

ഫ്രിഡ്ജിനു ബ്രിഡ്ജും ഫാനിനു ഭാനുവും ആകുമ്പോൾ ബാ ബാ ബ്ലാക്‌ ഷീപ്‌ എന്ന ഇംഗ്ലീഷ്‌ നഴ്സറി റൈം ഏതാണ്ടു അറബിപ്പാട്ടു പോലെ ആകുന്നതിൽ എന്തിനു അതിശയിക്കണം!!
ഒരിക്കൽ ഞാൻ ഞെട്ടിയതാണു!

ഓഫീസിൽ പോവേണ്ട ഒരുമ്പാടിൽ ഫ്രിഡ്ജു തുറന്നു തണുത്ത പാൽ കുടിക്കുന്നതിനിടയിൽ, തൊട്ടുപുറകിൽ ഒരു അശരീരി പോലെ മുഴങ്ങി വല്യമ്മചിയുടെ ചോദ്യം. "ഇന്നു മോൾകു കോമ്പ്ലെക്സ്‌ ഇല്ലേ?"

വായിലൊഴിച്ച പാൽ ഇറക്കാനും തുപ്പാനും ആവാതെ വല്യമ്മച്ചിയുടെ നേരെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്‌ കോൺ ഫ്ലേക്സിന്റെ പായ്കറ്റുമായി നിൽക്കുന്ന ആ പാവത്തിനെയാണു.വായിൽ നിറച്ചുപിടിച്ചിരുന്ന പാൽ ചീറ്റിത്തെറിച്ചു; ഇതു ചോദിച്ചതിന്റെ പേരിൽ വല്യമ്മച്ചിക്കു ഒന്നുകൂടി കുളിക്കേണ്ടിയും വന്നു.

നമ്മുടെ ഈ അറബി റൈം കേട്ടിട്ടാവണം എന്റെ കിടാവു ഉറക്കെ കൂവിയും ചിരിച്ചും ചൂളമിട്ടും പ്രതികരിച്ചു തുടങ്ങി. ബാ...ബാ.. എന്നു കേട്ടാൽ കാലിട്ടിളക്കി നുണക്കുഴിയും കാട്ടി ചിരിക്കാൻ തുടങ്ങി.അതേവരെ എന്തിനും ഏതിനും മുക്കിയും മൂളിയും പ്രതികരിച്ചിരുന്ന കുഞ്ഞ്‌ പലതും 'പറയാൻ' ശ്രമിച്ചുകൊണ്ടേയിരുന്നു.

ഈ പറഞ്ഞതൊക്കെ ഒന്നര മാസത്തോളം നീണ്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി വല്യമ്മച്ചിമാരും കുഞ്ഞുങ്ങളും എത്ര നന്നായി ഇണങ്ങുമെന്നു.

അമ്മൂമ്മ...ബാ.ബാ.. ഒരുപക്ഷെ ഇതൊക്കെയാവണം എന്റെ കുഞ്ഞ്‌ നിരന്തരം കെട്ട് കൊണ്ടിരുന്നത്‌.ഒരു ദിവസം രാവിലെ ഞാൻ ഉണർന്നതു എന്നേക്കാൾ മുൻപേ ഉണർന്നു ശബ്ദമുണ്ടാക്കികൊണ്ടു കളിക്കുന്ന കുഞ്ഞിനെ കണി കണ്ടുകൊണ്ടാണു.അവൻ അന്നു,ആദ്യമായി ഉച്ചരിച്ച അക്ഷരങ്ങൾ എന്നെ കോരിത്തരിപ്പിച്ചു.
'മ്മ...ബ്ബ...'

ഒരുപാട്‌ ത്രില്ലോടെയാണ് ഞാനന്ന് ഓഫിസിലേക്കിറങ്ങിയത്‌.അവന്റെ അദ്യാക്ഷരങ്ങൾ കേട്ടു പുളകമണിഞ്ഞ എനിക്കു അധിക നേരം ഓഫിസിൽ ഇരിക്കാനായില്ല.

എന്നെ ഊരി വിട്ടെങ്കിലും കടിഞ്ഞാൺ അവന്റെ കൊച്ചു കൈകളിൽ തന്നെയാണല്ലോ!

ഞാൻ തിരിച്ചു വീട്ടിലെത്തി..ആകാംക്ഷയോടെ കുഞ്ഞിനെ വാരി പുണർന്നു നിൽകെ ആത്മവിശ്വാസത്തോടെ അവൻ ഉരുവിട്ടു.
"ഒ..ബാ..മാ.., ഒ..ബാ..മാ , ഒബാമ"

Monday, March 30, 2009

ബ്രഹ്മിയും ചീരേട്ടനും

ബ്രഹ്മി കഴിച്ചാൽ ഓർമക്കുറവു പരിഹരിക്കാം എന്നു ആരാണാവൊ കണ്ടുപിടിച്ചത്‌..ആരാണെങ്കിലും പൊറുക്കുക.അതിന്റെ പേരിൽ ഈയുള്ളവൾകു ഏറ്റ മാനഹാനി ഒന്നുകൂടി ബചെലൊർസ്‌ ഡിഗ്രീ എടുത്താലും മാരില്ല.കാര്യത്തിലേക്കു കടക്കട്ടെ.ഒരു ദിവസം വൈകീട്ടു ഒരു അഞ്ചു അഞ്ചര ആയിക്കാണും. അന്നു കോളെജിൽ ക്ലാസ്സ്‌ കട്ടു ചെയ്ത്‌ സ്റ്റോൺ ബഞ്ചുകളിൽ നിരങ്ങിയപ്പോൾ പൊട്ടിച്ച തമാശകളും ഓർത്തു മുറ്റതു കൂടി ഊറിച്ചിരിച്ചുലാത്തുമ്പോൾ ഗേറ്റ്‌ തുറന്നു മന്ദം മന്ദം നടന്നെത്തി എന്റെ സ്വന്തം അനുജൻ വികൃതി.അവന്റെ മുഖത്തെ മ്ലാനത കണ്ടപ്പോൾ തന്നെ തോന്നി ഏതാണ്ടൊക്കെ ഒപ്പിചുള്ള വരവാണെന്നു. പണ്ടാരാണ്ടൊ പറഞ്ഞമാതിരി സൈകിളിൽ നിന്നു വീണ ചിരി! ഒന്നുകിൽ എതോ ലോകൽ ടീമുമയി ക്രിക്കറ്റ്‌ കളിച്ചു തോറ്റു അല്ലെങ്കിൽ...ആലോചിക്കാൻ നേരം തന്നില്ല അവൻ പറഞ്ഞു "അമ്മയുണ്ടോ അകത്തു? ഞാൻ കണക്കിൽ തോറ്റു.ട്യുഷൻ സാറു അമ്മെംകൊണ്ടു ചെല്ലാൻ പറഞ്ഞു നാളെ'.അവൻ തോറ്റതിന്റെ സങ്കടം ഉണ്ടെങ്കിലും അമ്മയും മകനും തമ്മിലുള്ള ഉഗ്ര പോരാട്ടം മനസ്സിലോർത്തു ഞാൻ ചിരിച്ചുപോയി.പുറത്തു അവൻ വന്നതു മണത്തറിഞ്ഞ അമ്മ ഓടി വന്നു ചോദിച്ചു 'എന്തായീ?' പിന്നെ സംഭവിച്ചത്‌ ഒരു നാടകത്തിന്റെ ക്ലൈമാക്സ്‌ പോലെ തോന്നി. തിളക്കത്തിൽ സലീം കുമാർ കഞ്ചാവു വലിച്ചുവിട്ടു പറയുന്ന സീൻ ആണു മൻസ്സിൽ വന്നതു. ഐ ആം ദി സോറി അളിയാ...ഐ ആം ദി സോറി..അനുജൻ നിലവിളിച്ചുകരഞ്ഞു പറഞ്ഞു. 'സോറി അമ്മേ സോറി..പഠിച്ചതെല്ലാം മറന്നു പോവുന്നമ്മേ...മറന്നു പോവുന്നു..ഇതു കേട്ടു ഗദ്ഗദ കണ്ഠയായ അമ്മ അവനെ സമാധാനിപ്പിച്ചു. പോട്ടെ മോനെ സാരമില്ല" എന്നിട്ടു തിരിഞ്ഞു നിന്നു എന്നോടു ചോദിച്ചു "നീ ആ ചീരേട്ടനെ ഇതു വഴിയെങ്ങാനും പോവുന്നതു കണ്ടൊ"?അസ്ഥാനത്തു ചീരേട്ടൻ എങ്ങനെ കടന്നു കൂടി എന്നു ആലോചിച്ചു നിൽകുമ്പോൾ അമ്മ തുടർന്നു "ഓർമ കുറവിനു ബ്രഹ്മി ബെസ്റ്റ്‌ ആണു. ചീരേട്ടനോട്‌ പറഞ്ഞാൽ കൊണ്ടുത്തരും'
അതരച്ചു പാലിൽ കുടിച്ചാൽ അവൻ കണക്കിൽ നൂറിൽ നൂറു വങ്ങും എന്നാവാം അമ്മ സ്വപ്നം കണ്ടത്‌. എന്നെ വളർത്തിയിട്ടും അമ്മ പഠിച്ചില്ലല്ലോ!!!അതുകൊണ്ടു അടുത്ത ദിവസം ട്യുഷൻ മാഷെ കാണാതെ മുങ്ങാൻ പറ്റില്ലല്ലോ എന്ന പോയിന്റിൽ തൂങ്ങി പിടിച്ചു ഞാനും നിന്നു.
ഈ ചീരേട്ടൻ ഒരു കഥാപാത്രമാണു. പണ്ടു എൺപതിൽ ഒരു വൈദ്യന്റെ സഹായി ആയി നിന്നിരുന്ന ആളാ,ചീരേട്ടനു അറിയാത്ത മരുന്നില്ല.പക്ഷെ ഒരു പ്രശ്നമുണ്ടു.മൂപരെ സമീപിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എവിടെ കണ്ടത്താനാകും എന്ന കാര്യത്തിലും ഒരു ഉറപ്പുമില്ല.നേരെ നോക്കി നടന്നു വഴിയിലെങ്ങാനും കണ്ടുമുട്ടാം എന്ന വ്യാമോഹവും വേണ്ടാ. സർവ വ്യാപിയായ ചീരേട്ടനെ ചുറ്റുവട്ടം മുഴുവൻ നോക്കണം..മരത്തിലും മതിലിലും നോക്കണം, കുളത്തിലും കുറ്റിക്കാട്ടിലും തപ്പണം.പിന്നെ നാട്ടാരു പറയുമ്പോലെ ബുദ്ധി അൽപം കൂടിപ്പോയതിനാൽ 'നൊസ്സ്‌' ഉണ്ടു. പച്ച മലയാളത്തിൽ പറഞ്ഞാൽ 'തലയ്ക്കു വെളിവില്ലായ്മ'. മുഷിഞ്ഞു കീറിയ വസ്ത്രമാണു സ്ഥിരം വേഷം.. പല്ലു തേക്കില്ല കുളിക്കില്ല,പക്ഷെ അന്തിക്കു വീട്ടിൽ പോകും.ആരെ കണ്ടാലും ചായയ്കു കാശിനിരക്കും. ദയ കരുതി പത്തു രൂപാ നൊട്ടു കൊടുത്താൽ കുടുങ്ങും.അതിനു ചില്ലറ വാങ്ങി ചായയുടെ കാശെടുത്തു ബാക്കി കയ്യിൽ വച്ചു തന്നിട്ടേ ആശാൻ പോകൂ.
അതു കള.. ഈ ചീരേട്ടനെ എങ്ങനെ തേടിപ്പിടിക്കും!!! അപ്പോൾ ദാ ദൈവം പ്രത്യക്ഷപ്പെട്ട പോലെ മുന്നിൽ നിൽക്കുന്നു സാക്ഷാൽ ചീരേട്ടൻ വൈദ്യർ. അടുത്ത വീട്ടിലെ തൊടിയിൽ ശതാവരി കിള്ളാൻ വന്നതാത്രെ.
സ്വത സിദ്ധമായ ചിരിയോടെ മുറ്റത്തു നിന്ന ചീരേട്ടന്റെ ഉന്തി നിൽകുന്ന നാലു പല്ലുകൾ 'മഞ്ഞളിച്ചു'.ചീരേട്ടൻ ഓരോ അടി മുന്നോട്ടു വയ്കുംബോഴും ഞാൻ പിന്നൊട്ടു ചവിട്ടി ഉമ്മറതേക്കു കയറും.എന്റെ ധൈര്യം സമ്മതിക്കണം.അല്ലാ ഞാനടക്കമുള്ള ആ പരിസരനിവാസികൾക്കു ഇദ്ധേഹത്തെ പേടിയാണെ.എന്താണു ഏതു സമയതാണു എങ്ങനെയാണു പെരുമാറുക എന്നു ജ്യോൽസ്യർക്കു പോലും പ്രവചിക്കാനാവില്ല.ഒടുവിൽ ഒറ്റ വാചകത്തിൽ ഞാൻ കാര്യം അവതരിപ്പിച്ചു. 'ചീരേട്ടാ,കുറച്ചു ബ്രഹ്മി കൊണ്ടുത്തരണം'.നാലു സ്റ്റെപ്‌ മുന്നോട്ടു വച്ച്‌ നാലു പുറകോട്ടും വച്ച്‌ ഇടതു തിരിഞ്ഞു വലതു ചവിട്ടി നിലത്തു വീണ ശതാവരി വേരും എടുത്തുകൊണ്ടു പറഞ്ഞു. 'മറ്റന്നാൾ കൊണ്ടുത്തരാം'...
ആ പറഞ്ഞ മറ്റന്നാളായി.
എന്റെ വീട്ടിൽ നിന്നു കോളേജിലേക്കു ഏതാണ്ടു ഇരുപതു കിലോ മീറ്റർ വരും ദൂരം.കാലത്തു 7 മണിക്കു വട്ടാലേ ഒൻപതിനു ക്ലാസ്സിലെത്താൻ(അങ്ങനൊരു പതിവില്ല) പറ്റൂ.അന്നു ലാസ്റ്റ്‌ പിരീഡ്‌ കഴിഞ്ഞു ഒരു സങ്ൻഘം ആൺ പെൺ സുഹൃത്തുക്കളുമായി ആർത്തു ചിരിച്ചുല്ലസിച്ചു കാമ്പസ്‌ വിട്ടു ബസ്സ്‌ സ്റ്റോപിൽ എത്തിയ എന്നെയും കാത്തു നിന്ന കോലം കണ്ടു എന്റെ കണ്ണു തള്ളി.അതു പറയുമ്പോൾ തന്നെ എന്റെ നാക്കു വറ്റുന്നു. നമ്മുടെ ചീരേട്ടൻ!!
20 കിലോ മീറ്റർ താണ്ടി എന്നെയും കാത്തു ചീരേട്ടൻ നിൽകുക എന്നതു സ്വപ്നേതി അസംഭവ്യം എന്നു തോന്നി.പക്ഷെ ഇതു കളിയല്ല മോനേ...തലയ്ക്കു സ്ഥിരതയില്ലാത്ത മുഷിഞ്ഞു നാറി നിൽക്കുന്ന പിരാന്തൻ കോലം ഇതെന്തു ഭാവിച്ചാണാവോ! അത്രയും നാൾ ക്ലാസ്സു ബങ്കു ചെയ്തു ക്യാമ്പസിൽ നടന്നുണ്ടാകിയ എന്റെ ഇമേജ്‌!!സഹിക്കണായില്ല! കൂടാതെ അന്തം വിട്ടിരിക്കുന്ന സഹപാഠികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചിരിയും. എന്റെ നാക്കു ചൊറിഞ്ഞു!ഒരു നിമിഷം! കണ്ടു നിന്നവർക്കു സംശയം തോന്നിക്കാണും ആർക്കാണു 'പിരാന്ത്‌' എന്നു.ഞാൻ ചീരേട്ടനെ നോക്കി വായിൽ വന്നതു വിളിച്ചു.സത്യത്തിൽ പേടിച്ചു കാൽ മുട്ടിടിക്കുന്നുണ്ടായിരുന്നു.ഒരു സ്റ്റെപ്‌ മുന്നൊട്ടാഞ്ഞു പിടിച്ചു ചീരേട്ടൻ ഉടുത്തിരുന്ന മുണ്ടൂരി.അതോടെ ഞാൻ ബോധം കെടാറായി.കൂടെയുള്ള പെങ്കുട്ടികൾ ചിന്നം വിലിച്ചു. ആൻ സുഹർട്ട്തുക്കൾ കണ്ണിറുക്കി അടച്ചു. അടുത്ത നിമിഷം ചീരേട്ടൻ മുണ്ടിനകത്തിട്ടിരുന്ന വള്ളി നിക്കറിലെ പോകറ്റിൽ നിന്നും ഒരു കെട്ടു ബ്രഹ്മി നീട്ടി ദ്രംഷ്ട കാട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു "ബമ്മി,ഈടെ അടുത്തൊള്ളെ കനാലിന്റെ ബക്കത്തെ കുറ്റിക്കാട്ടിലെ പൊട്ട കെനറ്റിലേ ഇതു കിട്ടൂ!!!20 കിലോമീറ്റർ താണ്ടി അതിസാഹസികമായി പൊട്ടക്കിണറിൽ ഇറങ്ങി എന്റെ അനുജനെ കണക്കിൽ പാസ്സാക്കാൻ ബ്രഹ്മി തൈയുമായി നിൽക്കുന്ന നിഷ്കളങ്കനായ ചീരേട്ടനു മിന്നിൽ ഞാൻ ആരായി?സഹപാഠികളുടെ മുന്നിൽ ഞാൻ അരായി?
കൂട്ടത്തിൽ നിന്നൊരുത്തൻ പറഞ്ഞു "ഞാൻ ശശി ആയെന്നു"!!!
(പ്രത്യേക ശ്രദ്ധയ്കു:ശശിയായി എന്ന നാടൻ പ്രയോഗത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലായിക്കാണുമല്ലോ!)